മുംബൈ: രാജ്യത്ത് മതയുദ്ധത്തിന് കാരണമാകുമെന്ന് കാണിച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ശിവസേന. വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണോ ബി.ജെ.പി ഈ ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് രാജ്യത്തിന് ഗുണകരമല്ലെന്നും സേനയുടെ മുഖപത്രമായ സാമ്ന അഭിപ്രായപ്പെട്ടു.
ഇന്ന് ലോക്‌സഭയിൽ അമിത് ഷാ ബിൽ അവതരിപ്പിക്കാനിരിക്കെയാണ് സേന നിലപാട് വ്യക്തമാക്കിയത്. അനധികൃത ഹിന്ദു കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് രാജ്യത്ത് ഒരു മതയുദ്ധത്തിന് കാരണമാകുമെന്ന് ഭയപ്പെടുന്നതിനാലാണ് ഈ നടപടിയെ ചോദ്യം ചെയ്യുന്നതെന്ന് സേന വ്യക്തമാക്കി. ബിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും അദൃശ്യ വിഭജനത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്രത്തിന് സേന മുന്നറിയിപ്പ് നൽകി.
"ഹിന്ദുസ്ഥാനല്ലാതെ മറ്റൊരു രാജ്യവും ഹിന്ദുക്കൾക്കില്ലെന്നത് ശരിയാണ്. എന്നാൽ അനധികൃത കുടിയേറ്റക്കാർക്കിടയിൽ ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്നത് രാജ്യത്ത് ഒരു മതയുദ്ധത്തിന് കാരണമാകുമോ?" സേന ചോദിച്ചു. പൗരത്വ ഭേദഗതി ബില്ലിൻെറ കീഴിൽ ആരെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയം നടത്താൻ ശ്രമിക്കുകയാണെങ്കിൽ അത് രാജ്യത്തിൻെറ താൽപ്പര്യത്തിനല്ലെന്നും സേന കൂട്ടിച്ചേർത്തു.
ഇപ്പോൾ ഇന്ത്യ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അതിൽ നടപടികൾ ഇല്ലാതെ പൗരത്വ ബിൽ നടപ്പാക്കാൻ പോകുന്ന കേന്ദ്രത്തെ സേന വിമർശിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവക്കൊപ്പം മിക്ക വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ബില്ലിനെ എതിർത്തുവെന്നും സേന എഡിറ്റോറിയൽ വ്യക്തമാക്കി.
അടുത്ത 25 വർഷത്തേക്ക് പുതിയ പൗരന്മാരുടെ വോട്ടവകാശം റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സേന നിർദേശിച്ചു. പാകിസ്താനെതിരെ നടപടിയെടുത്ത പോലെ ഹിന്ദുക്കളെ പീഡിപ്പിക്കുന്ന ചില അയൽ രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സേന അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.