ഡെറാഡ്യൂൺ: ഉത്തരാഖണ്ഡിൽ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്താത്ത വീടുകളുടെ ചിത്രം എടുക്കണമെന്ന് ബി.ജെ.പി നേതാവിന്റെ നിർദേശം. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം നൽകിയിരുന്നു. ഇന്ത്യയിലുടനീളമുള്ള 20 കോടി വീടുകളിൽ ദേശീയ പതാക പാറുന്നതാണ് കേന്ദ്രസർക്കാരിന്റെ സ്വപ്നം.
വീടുകളിൽ പതാക ഉയർത്താത്തവരെ രാഷ്ട്രം വിശ്വാസത്തിലെടുക്കരുതെന്നാണ് ഉത്തരാഖണ്ഡ് ബി.ജെ.പി നേതാവ് മഹേന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടത്. സ്വന്തം വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിന് ആർക്കാണ് പ്രശ്നമുള്ളത്? ആരാണ് യഥാർഥ ദേശീയ വാദികൾ എന്നു തെളിയിക്കാനുള്ള അവസരം കൂടിയാണിതെന്നും ഭട്ട് ഓർമപ്പെടുത്തി. അതേസമയം, ഇത്തരം പരാമർശങ്ങൾ നടത്തുന്നതിനു മുമ്പ് ഭട്ട് രണ്ടുവട്ടം ആലോചിക്കുന്നത് നന്നാകുമെന്ന് ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് നേതാവ് ഗണേഷ് ഗോഡിയാൽ വിമർശിച്ചു.
പതാക ഉയർത്താത്ത നിരവധി വീടുകളുണ്ടാകും. ബി.ജെ.പി ഭരണം കാരണം ത്രിവർണ പതാക വാങ്ങാനുള്ള പണം അവരുടെ കൈയിലുണ്ടാകില്ല.-കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. ഭട്ടിനെ വിമർശിച്ച് മറ്റൊരു കോൺഗ്രസ് നേതാവായ കരൺ മഹാറയും രംഗത്തുവന്നിട്ടുണ്ട്.
നേരത്തേ ഹരിയാനയിൽ റേഷൻ കടയിൽ ദേശീയ പതാക വിൽപനക്കു വെച്ച സംഭവം വിവാദമായിരുന്നു. 20 രൂപ കൊടുത്ത് പതാക വാങ്ങാത്തവർക്ക് റേഷൻ സാധനങ്ങൾ നൽകരുതെന്നായിരുന്നു അധികൃതരുടെ കർശന നിർദേശം. സംഭവം വിവാദമായതോടെ റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കി അധികൃതർ തലയൂരുകയായിരുന്നു. അതുപോലെ ജമ്മു കശ്മീരിൽ അനന്തനാഗ് ജില്ലയിലെ ഒരു സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും 20 രൂപ കൊടുത്ത് പതാക വാങ്ങണമെന്ന് ആവശ്യപ്പെട്ടതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. അനന്തനാഗിലെ ബിജ്ബെഹ്റൻ നഗരത്തിൽ ദേശീയ പതാക കാമ്പയിന്റെ ഭാഗമായി 20 രൂപ സംഭാവന നൽകണമെന്ന് കടയുടമകളോട് ആവശ്യപ്പെട്ട സംഭവവും ഉണ്ടായി. അല്ലാത്ത കടയുടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡെപ്യൂട്ട് കമ്മീഷണർ ഇടപെട്ട് ഉത്തര് പിൻവലിപ്പിക്കുകയായിരുന്നു. തന്റെ അറിവോടെയല്ല, ഇത്തരമൊരു അറിയിപ്പുണ്ടായതെന്നും അനൗൺസറെ സസ്‍പെൻഡ് ചെയ്തതായും ഡെപ്യൂട്ട് കമ്മീഷണർ വിശദീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.