ഹൈദരാബാദ്: ലോക സൗന്ദര്യ മത്സരത്തിനായി 200 കോടി രൂപ നൽകാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ നീക്കം വിവാദത്തിൽ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകസൗന്ദര്യ മത്സരത്തിനായി 200 കോടി നൽകാനുള്ള തീരുമാനം.
തെലങ്കാനയെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലോകസൗന്ദര്യ മത്സരത്തിന് സഹായം നൽകിയതെന്നാണ് കോൺഗ്രസ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, നീക്കത്തിൽ പ്രതിഷേധവുമായി ബി.ആർ.എസ് രംഗത്തെത്തി.
സംസ്ഥാനം ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സൗന്ദര്യ മത്സരത്തിനായി പണം മുടക്കുന്നത് പാഴ്ചെലവാണെന്ന് ബി.ആർ.എസ് വിമർശിച്ചു.
നിക്ഷേപം വലിയ തോതിൽ എത്തുന്നുവെന്നും കാർഷിക മേഖല വളരുന്നുവെന്നും മുഖ്യമന്ത്രി 18 മണിക്കൂറും ജോലി ചെയ്യുന്നുവെന്നുമാണ് കോൺഗ്രസ് അവകാശവാദം. എന്നാൽ, കഴിഞ്ഞ ദിവസം 72,000 കോടി രൂപയുടെ കടമുണ്ടെന്നാണ് തെലങ്കാന മുഖ്യമന്ത്രി വെളിപ്പെടുത്തിയതെന്ന് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു പറഞ്ഞു.
ഫോർമുല ഇ റേസ് പോലെ തന്നെയാണ് സൗന്ദര്യമത്സരവും. 46 കോടി രൂപയാണ് ഫോർമുല റേസിന് വേണ്ടി മുടക്കിയത്. പകരം അഴിമതി കേസുകൾ മാത്രമാണ് ലഭിച്ചത്. സൗന്ദര്യമത്സരവും ഇതുപോലെ തന്നെ അഴിമതിക്ക് വേണ്ടിയാണെന്നും കെ.ടി രാമറാവു വ്യക്തമാക്കി. കാർഷിക വായ്പ എഴുതി തള്ളൽ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവക്ക് ഊന്നൽ നൽകാതെ ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തെ പദ്ധതിക്കായി പണം ചെലവഴിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ബി.ആർ.എസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.