യോഗിയുടെയും രാംദേവിന്‍റെയും പുസ്തകങ്ങൾ യു.പി പാഠ്യപദ്ധതിയിൽ

ലഖ്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും വിവാദ യോഗപരിശീലകൻ ബാബാ രാംദേവിന്‍റെയും പുസ്തകങ്ങൾ യു.പി സർക്കാർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. മീററ്റിലെ ചൗധരി ചരൺസിങ് സർവകലാശാലയിലെ തത്വശാസ്ത്ര വിദ്യാർഥികൾക്ക് നിലവിൽ ഇരുവരുടെയും പുസ്തകം പഠിക്കാനുണ്ട്. സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും സർവകലാശാലകളിലും ഫിലോസഫി വിദ്യാർഥികളെ യോഗിയുടെയും രാംദേവിന്‍റെയും പുസ്തകം പഠിപ്പിക്കണമെന്നാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതി നിർദേശിച്ചത്.

യോഗി ആദിത്യനാഥിന്‍റെ 'ഹത്യോഗ കാ സ്വരൂപ് വാ സാധന' എന്ന പുസ്തകവും ബാബാ രാംദേവിന്‍റെ 'യോഗ് സാധന വാ യോഗ് ചികിത്സ രഹസ്യ' എന്ന പുസ്തകവുമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നത്.

വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെട്ട സമിതിയാണ് രണ്ട് പുസ്തകങ്ങളും പഠിപ്പിക്കണമെന്ന് നിർദേശിച്ചത്. പുസ്തകങ്ങളുടെ അക്കാദമികമൂല്യവും സാഹിത്യമൂല്യവും പരിഗണിച്ചാണ് തീരുമാനമെന്ന് അംഗങ്ങളിലൊരാൾ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ പുസ്തകം വളരെ ഉന്നതതലത്തിലുള്ള അക്കാദമിക മൂല്യമുള്ളതാണെന്ന് മീററ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് കൺവീനർ ഡി.എൻ. സിങ് പറഞ്ഞു. രാംദേവിന്‍റെ പുസ്തകവും മികച്ചതാണ്. തത്വശാസ്ത്ര വിദ്യാർഥികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണ് രണ്ട് പുസ്തകങ്ങളും -അദ്ദേഹം പറഞ്ഞു. സർവകലാശാല ഫിലോസഫി വിഭാഗം തലവൻ കൂടിയാണ് ഡി.എൻ. സിങ്.

യു.പിയിലെ എല്ലാ കോളജുകളിലും സർവകലാശാലകളിലും രണ്ട് പുസ്തകവും പഠിപ്പിക്കാൻ പോവുകയാണെന്ന് മീററ്റ് സർവകലാശാലയിലെ കലാപഠന വിഭാഗം മേധാവി പ്രഫ. നവീൻ ചന്ദ്ര ലോഹാനി പറഞ്ഞു. തത്വശാസ്ത്രവും പൗരാണിക സംസ്കാരവും പഠിക്കാനാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - CM Yogi, Baba Ramdev: The 'Philosophers' Whose Books Will Now be Part of Syllabus in UP Varsities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.