ന്യൂഡൽഹി: ഹിന്ദുത്വാനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ കോടികൾ വിലപറഞ്ഞ വൻകിട മാധ്യമങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന തങ്ങളുടെ രഹസ്യകാമറ ഒാപറേഷൻ റിപ്പോർട്ട് പരസ്യമാക്കുന്നത് തടയരുതെന്ന് ആവശ്യപ്പെട്ട് കോബ്ര പോസ്റ്റ് ഡൽഹി ഹൈകോടതിയെ സമീപിച്ചു.
കോബ്ര പോസ്റ്റ് നടത്തിയ ഒാപറേഷനിൽ തങ്ങൾക്കെതിരെയുള്ള ഭാഗം പുറത്തുവിടാതിരിക്കാൻ ‘ദൈനിക് ഭാസ്കർ’ സിംഗിൾ ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് ഇൗ നീക്കം.
കോബ്ര പോസ്റ്റിെൻറ ഹരജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഗീത മിത്തലിെൻറ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് അറിയിച്ചു. 2019ലെ തെരഞ്ഞെടുപ്പിന് ഹിന്ദുത്വ പ്രചാരണത്തിനായി തങ്ങൾ വൻതോതിൽ പണമിറക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വായനക്കാർക്കും പ്രേക്ഷകർക്കും ശ്രോതാക്കൾക്കും എത്തിക്കണമെന്നും പറഞ്ഞാണ് ‘ആചാര്യ അടൽ’ എന്ന പേരിൽ കോബ്രാ പോസ്റ്റ് ലേഖകൻ വൻകിട മാധ്യമസ്ഥാപനങ്ങളെ സമീപിച്ചത്.
ഒന്നാം ഘട്ടത്തിൽ ഹിന്ദുത്വ പ്രചാരണം നടത്താനും രണ്ടാം ഘട്ടത്തിൽ രാഹുൽ, മായാവതി, അഖിലേഷ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അവഹേളിക്കാനും അവസാനഘട്ടത്തിൽ വിനയ് കത്യാർ, ഉമാഭാരതി, മോഹൻ ഭാഗവത് തുടങ്ങി തീവ്ര ഹിന്ദുത്വവാദികളുടെ പ്രസംഗങ്ങൾക്ക് പ്രചാരം നൽകി വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാനും പ്രവർത്തിക്കാനുമുള്ള കരാറിന് വൻകിട മാധ്യമസ്ഥാപനങ്ങൾ തയാറായി.
ഇങ്ങനെ നടത്തിയ ഒളികാമറാ ഒാപറേഷെൻറ 27 വ്യത്യസ്ത വിഡിയോ റെക്കോഡുകളാണ് യൂട്യൂബിലൂടെ കോബ്രാ പോസ്റ്റ് പുറത്തുവിട്ടത്. ‘ടൈംസ് ഒാഫ് ഇന്ത്യ’, ഇന്ത്യാ ടുഡേ, ‘ഹിന്ദുസ്ഥാൻ ടൈംസ്’, ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’, ‘ടി.വി 18’, ‘ദിനമലർ’, പേ ടി.എം, ‘സൺ ഗ്രൂപ്’, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിെൻറ എ.ബി.എൻ ആന്ധ്രജ്യോതി, ഒാപൺ മാഗസിൻ, ബിഗ് എഫ്.എം തുടങ്ങി കോബ്രാ േപാസ്റ്റ് സമീപിച്ച 27 സ്ഥാപനങ്ങളിൽ രണ്ട് ബംഗാളി പത്രങ്ങൾ മാത്രമാണ് പണം വാങ്ങി ഹിന്ദുത്വം പ്രചരിപ്പിക്കാനുള്ള പാക്കേജ് തള്ളിക്കളഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.