33.60 കോടിയുടെ ലഹരിമരുന്ന് സോപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടി ഡി.ആർ.ഐ

മുംബൈ: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 33.60 കോടി രൂപ വിലവരുന്ന 3.36 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്നെത്തിയ ഇന്ത്യക്കാരനിൽ നിന്നാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) മാരക ലഹരി പിടികൂടിയത്.

16 ചെറിയ സോപ്പ് പെട്ടികളിലായി സോപ്പിന്റെ മെഴുക് പാളിയിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ ഒരു ഇന്ത്യൻ പൗരൻ മയക്കുമരുന്നുമായി മുംബൈയിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ നടപടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു.

ലഗേജ് പരിശോധിക്കാനായി യാത്രക്കാരനെ തടഞ്ഞ ഡി.ആർ.ഐ 16 ചെറിയ സോപ്പ് ബോക്സുകൾ കണ്ടെടുത്തു. പരിശോധിച്ചപ്പോൾ സോപ്പുകളുടെ വാക്സ് ലെയറിനുള്ളിൽ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും ഡി.ആർ.ഐ പ്രസ്താവനയിൽ പറഞ്ഞു.

മെഴുക് പാളി നീക്കം ചെയ്തപ്പോൾ, സുതാര്യമായ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ സോപ്പ് ബാർ ഉദ്യോഗസ്ഥർ കണ്ടെത്തി. സോപ്പ് ചുരണ്ടി നോക്കിയപ്പോൾ പൊടി പോലുള്ള വസ്തു ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഈ പദാർഥം കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും ഡി.ആർ.ഐ കൂട്ടിച്ചേർത്തു.

Tags:    
News Summary - Cocaine Worth Crores Hidden In Soap Boxes Seized At Mumbai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.