കോയമ്പത്തൂർ: ചെന്നൈയിലേക്കുള്ള യാത്രക്കിടെ 190 യാത്രക്കാരിൽ തന്നെയും തൊപ്പിധരിച്ച രണ്ട് മുസ്‍ലിംകളെയും മാത്രം കർശന പരിശോധന നടത്തിയതായി നടി സനം ഷെട്ടി. പീളമേട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം ട്വിറ്ററിലാണ് നടി പങ്കുവെച്ചത്. സംഭവത്തിൽ വിമാനത്താവളം അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
തന്റെ പേരും അവരുടെ തൊപ്പിയുമാണ് വിവേചനത്തിന് കാരണമെന്ന് സംശയിക്കുന്നതായി നിരവധി തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ അഭിനയിച്ച നടി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ എയർപോർട്ട് ഡയറക്ടർ വി. ശെന്തിൽ വളവനാണ് ഉത്തരവിട്ടത്.
ജനുവരി 15നാണ് സനംഷെട്ടി കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്ക് വിമാനം കയറാനെത്തിയത്. ഈ സമയത്ത് തന്നെയും തൊപ്പി ധരിച്ച മറ്റു രണ്ട് മുസ്‍ലിം നാമധാരികളായ യാത്രക്കാരെയും സുരക്ഷ ജീവനക്കാർ തടഞ്ഞുവെച്ചു. ‘വിമാനത്തിൽ കയറാനിരുന്ന 190 യാത്രക്കാരിൽ തങ്ങൾ മൂന്നുപേരുടെ മാത്രം ലഗേജുകളും മറ്റുമാണ് പരിശോധനക്ക് വിധേയമാക്കിയത്. തന്‍റെ പേരും മറ്റുരണ്ടുപേരുടെ പ്രത്യേക വസ്ത്രധാരണവുമാണ് സംശയം സൃഷ്ടിച്ചത്. ഇത് മാനസികമായി ഏറെ അസ്വസ്ഥതയുണ്ടാക്കി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇത് വിവേചനമായിരുന്നു’ -സനംഷെട്ടി വിഡിയോയിൽ പറയുന്നു.
‘റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള പരിശോധന നടപടിയെന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ മറ്റു യാത്രക്കാരെ പരിശോധിക്കാത്തത് എന്തുക്കൊണ്ടാണെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടി ഉണ്ടായിരുന്നില്ല. മതത്തിന്‍റെ പേരിലുള്ള ഈ വിവേചനം അവസാനിപ്പിക്കണം’ -അവർ ആവശ്യപ്പെട്ടു. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ അടക്കമുള്ള മലയാളം സിനിമകളിൽ അഭിനയിച്ച സനം, ബിഗ് ബോസ് തമിഴ് സീസൺ 4 ലും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.