ലഖ്നോ: കൂട്ടബലാത്സംഗം ചെറുത്ത കോളജ് വിദ്യാർഥിനിയെ തീകൊളുത്തിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. ബി.എ രണ്ടാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി ലഖ്നോയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വിവസ്ത്രയായ നിലയിൽ ദേഹമാസകലം പെള്ളലേറ്റ നിലയിൽ പെൺകുട്ടിയുടെ ശരീരം ബുധനാഴ്ചയാണ് പരിസരവാസികളിൽ ചിലർ ഹൈവേയിൽ വെച്ച് കണ്ടെത്തിയത്. 72 ശതമാനത്തിലധികം പെള്ളലേറ്റ പെൺകുട്ടിയെ ഷാജഹാൻപൂരിലെ ജില്ല ആശുപത്രിയിൽ നിന്ന് ലഖ്നോയിലേക്ക് മാറ്റുകയായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ശ്യാമപ്രസാദ് മുഖർജി സിവിൽ ഹോസ്പിറ്റൽ ഡയരക്ടർ ഡോ. എസ്.സി. സൗന്ദ്രിയാൽ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ജലാലാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൂന്ന് ആൺകുട്ടികൾക്കെതിരെ പരാതി നൽകി.
തിങ്കളാഴ്ച റായ് ഖേഡ ഗ്രാമത്തിൽ വെച്ച് പ്രതികൾ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും ചെറുത്തുനിന്നതോടെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പെൺകുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകി.
കോളജിലെയും മറ്റും സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ സഹപാഠികളെ ചോദ്യം ചെയ്തു.
ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ മുൻ ബി.ജെ.പി നേതാവ് സ്വാമി ചിൻമയാനന്ദിന്‍റെ മുമുക്ശു ആശ്രം ട്രസ്റ്റിന്‍റെ കീഴിൽ നടത്തി വരുന്ന സ്വാമി ശുക്ദേവാനന്ദ് പോസ്റ്റ് ഗ്രാജുവേറ്റ് കോളജിലെ വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.