ന്യൂഡൽഹി: കേന്ദ്രം മടക്കിയ ശേഷവും കൊളീജിയം ആവർത്തിച്ച ജഡ്ജിനിയമന ശിപാർശകൾ സുപ്രീംകോടതി വിമർശനം തുടർന്നാലും വൈകിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിനിയമനത്തിന് ഒരു നടപടിക്രമം ഉണ്ടാക്കിയിട്ടുമതി നിയമന ശിപാർശകൾ നടപ്പാക്കൽ എന്ന് അറിയിക്കാനാണ് കേന്ദ്ര തീരുമാനം.
സുപ്രീംകോടതി കൊളീജിയം ഹൈകോടതി ജഡ്ജിമാരായി നിർദേശിച്ച ചിലരുടെ പേരുകൾ കേന്ദ്ര സർക്കാറിന് അനഭിമതരായതിനാൽ മടക്കി അയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ തവണ വിഷയം പരിഗണിച്ചപ്പോൾ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരിക്കൽ കേന്ദ്രം മടക്കിയ ശിപാർശ സുപ്രീംകോടതി രണ്ടാമതും ആവർത്തിച്ചാൽ അത് അംഗീകരിച്ച് ജഡ്ജി നിയമന വിജ്ഞാപനമിറക്കണമെന്നാണ് ചട്ടം. അത് വീണ്ടും കൊളീജിയത്തിന് മടക്കി അയക്കാൻ കേന്ദ്രത്തിന് അധികാരമില്ല. ശിപാർശ മടക്കാൻ കേന്ദ്രം പറയുന്ന ന്യായങ്ങൾ അക്കമിട്ട് നിരത്തി അതിന് മറുപടി നൽകി വീണ്ടും ഇറക്കുന്ന ജഡ്ജിനിയമന ശിപാർശ കൊളീജിയം പ്രസിദ്ധീകരണത്തിന് നൽകുന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കുന്നുമുണ്ട്.
അത്തരമൊരു സാഹചര്യത്തിലാണ് ജഡ്ജി നിയമനത്തിന് ദേശീയ ജുഡീഷ്യൽ കമീഷൻ ഉണ്ടാക്കിയത് റദ്ദാക്കിയ വിധിയിൽ പ്രഖ്യാപിച്ച നടപടിക്രമ പത്രം (മെമ്മോറാണ്ടം ഓഫ് പ്രൊസീജിയേഴ്സ്) തയാറാക്കിയിട്ടുമതി ഇനി നിയമനമെന്ന് സുപ്രീംകോടതിയിൽ അറിയിക്കാൻ കേന്ദ്രം തീരുമാനിച്ചത്. തങ്ങൾ പാസാക്കിയ ബിൽ ഭരണഘടനാവിരുദ്ധമാക്കിയ സുപ്രീംകോടതി നടപടിക്രമ പത്രത്തിന്റെ കരട് 2016ൽ കേന്ദ്രം സമർപ്പിച്ചിട്ടും അംഗീകരിക്കാത്തത് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം ഉന്നയിക്കും. നിരന്തരം ഇക്കാര്യം കോടതിയെ ഓർമിപ്പിക്കുന്നുണ്ടെന്നും ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരിയിലും ഈ ആവശ്യം ധരിപ്പിച്ചിട്ടുണ്ടെന്നും നിയമ മന്ത്രാലയം വ്യക്തമാക്കുന്നു.
ജഡ്ജി നിയമനത്തിനുള്ള മാർഗനിർദേശങ്ങളും സമയക്രമവും അടങ്ങുന്ന കേന്ദ്രം തയാറാക്കിയ കരടിൽ സുപ്രീംകോടതിക്കും 25 ഹൈകോടതികൾക്കും വ്യത്യസ്ത പരിശോധനന-മൂല്യനിർണയ സമിതികളുണ്ടാക്കണമെന്നതടക്കമുള്ള നിർദേശങ്ങളുണ്ട്.
ജഡ്ജിമാരെ നിർണയിക്കുന്ന ഈ സമിതികളുടെ രൂപവത്കരണം തങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിലാണ് മോദി സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, സുപ്രീംകോടതി കൊളീജിയം, നിയമനങ്ങളിലെ കേന്ദ്രത്തിന്റെ ഈ ഇടപെടൽ അംഗീകരിച്ചിട്ടില്ല.
അതിനാൽ അതാകുന്നതുവരെ ജഡ്ജിനിയമന ശിപാർശകൾ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയാണ് തന്ത്രം. അതോടെ ശിപാർശ ചെയ്യപ്പെട്ടവർ സ്വയം പിന്മാറിക്കോളുമെന്ന കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ട്. കൊളീജിയം ജഡ്ജിമാരാക്കാൻ ആവർത്തിച്ച് ശിപാർശ ചെയ്ത ചില കഴിവുറ്റ അഭിഭാഷകരെ നിയമിക്കാൻ കേന്ദ്രം വൈമനസ്യം കാണിച്ചതോടെ അവർ പിന്മാറിയതും ഏറ്റവുമൊടുവിൽ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.