ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായി ഒറീസ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ. സാരംഗിയെ നിയമിക്കാൻ ശിപാർശ ചെയ്തതിന് തൊട്ടുപിന്നാലെ ഝാർഖണ്ഡ് ഹൈകോടതിയിൽ അദ്ദേഹത്തേക്കാൾ സീനിയോറിറ്റിയുള്ള ജഡ്ജി കോടതിമാറ്റത്തിന് അപേക്ഷ നൽകി. ഝാർഖണ്ഡ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖറാണ് തന്നെ സ്ഥലം മാറ്റണമെന്ന് കൊളീജിയത്തോട് അപേക്ഷിച്ചത്. ഇദ്ദേഹത്തെ രാജസ്ഥാൻ ഹൈകോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം കേന്ദ്ര സർക്കാറിനോട് ശിപാർശചെയ്തു.
സ്ഥലംമാറ്റം വേണമെന്ന ജസ്റ്റിസ് ചന്ദ്രശേഖറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെന്ന് കൊളീജിയം അറിയിച്ചു. എന്ത് കാരണത്താലാണ് സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷ നൽകിയതെന്ന് കൊളീജിയം വ്യക്തമാക്കിയിട്ടില്ല. ഇതിനുമുമ്പ് ഹൈകോടതി ജഡ്ജിമാർ കോടതി മാറ്റത്തിന് അപേക്ഷ നൽകിയപ്പോൾ കൊളീജിയം കാരണം വ്യക്തമാക്കിയിരുന്നതാണ്.
തന്നെ ഝാർഖണ്ഡ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ച ദിവസം തന്നെയാണ് കോടതിമാറ്റത്തിന് ജസ്റ്റിസ് ചന്ദ്രശേഖർ അപേക്ഷ നൽകിയതെന്നതും ശ്രദ്ധേയമാണ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വിരമിക്കും വരെ രണ്ടുമാസമായി ചേരാതിരുന്ന കൊളീജിയം അദ്ദേഹം സുപ്രീംകോടതിയുടെ പടിയിറങ്ങിയതിന് തൊട്ടുപിന്നാലെ യോഗം ചേർന്ന് നടത്തിയ അഞ്ച് ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമന ശിപാർശകളിലൊന്നായിരുന്നു ഝാർഖണ്ഡിലേത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള കൊളീജിയത്തിൽ നിന്ന് ജസ്റ്റിസ് കൗൾ പോയതോടെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആർ. ഗവായിയും മാത്രമാണുള്ളത്. മൂവരും ചേർന്നാണ് ജസ്റ്റിസ് സാരംഗിയെ ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആക്കാൻ ശിപാർശ ചെയ്തത്.
ജസ്റ്റിസ് കൗൾ ചിലരെ ജഡ്ജിമാരാക്കാൻ നിർബന്ധം പിടിച്ചതുകൊണ്ടാണ് അദ്ദേഹം വിരമിക്കുന്നതുവരെ കൊളീജിയം യോഗം ചേരാതിരുന്നതെന്ന ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് നിഷേധിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.