ന്യൂഡൽഹി: കേന്ദ്രത്തിന്റെ എതിർപ്പുകൾ തള്ളി പരിഗണനക്കായി വീണ്ടുമയച്ച ജഡ്ജി നിയമന ശിപാർശ തിരിച്ചയക്കാൻ നിയമ മന്ത്രാലയത്തിനാവില്ലെന്ന് സുപ്രീംകോടതി കൊളീജിയം. ജഡ്ജി നിയമനത്തിൽ കേന്ദ്ര സർക്കാർ തിരിച്ചയച്ച പേരുകൾ കൊളീജിയം വീണ്ടും ശിപാർശ ചെയ്തു. ഒരാളുടെ അഭിപ്രായ പ്രകടനം യോഗ്യതയും ക്ഷമതയും വിശ്വാസ്യതയുമുള്ള ഒരാളെ ജഡ്ജി നിയമനത്തിൽ നിന്ന് ഒഴിവാക്കാനുള്ള ന്യായമല്ലെന്നും കൊളീജിയം പ്രമേയം കേന്ദ്രത്തെ ഓർമിപ്പിച്ചു. ഭരണഘടന അനുവദിച്ച സ്വവർഗരതിയോടുള്ള തന്റെ ലൈംഗിക ചായ്വ് തുറന്നു പ്രകടിപ്പിച്ചതിന്റെ പേരിലും ജഡ്ജി നിയമന പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കാനാവില്ലെന്നും മറ്റൊരു പ്രമേയത്തിൽ കൊളീജിയം വ്യക്തമാക്കി.
കൽക്കത്ത ഹൈകോടതി ജഡ്ജിമാരായി അഭിഭാഷകരായ അമിതേഷ് ബാനർജിയെയും സക്യ സെന്നിനെയും നിയമിക്കാനുള്ള ശിപാർശ കേന്ദ്രത്തിന്റെ എതിർപ്പ് തള്ളിക്കളഞ്ഞ് കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് വീണ്ടുമയച്ചതായിരുന്നുവെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. എന്നാൽ തള്ളിയ കാരണങ്ങൾ അതുപോലെ ആവർത്തിച്ച് നവംബർ 25ന് കേന്ദ്രം വീണ്ടും മടക്കിയത് അംഗീകരിക്കാനാകില്ല. നിയമ വകുപ്പിന് അത് ചെയ്യാൻ അധികാരമില്ല. അതിനാൽ ഇരുവരെയും ജഡ്ജിമാരായി നിയമിക്കണമെന്ന് കൊളീജിയം ആവർത്തിച്ചു.
കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കിയ അഭിഭാഷകനാണ് എന്ന കാരണത്താൽ അഡ്വ. സോമശേഖർ സുന്ദരേശനെ ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിക്കരുതെന്ന വാദം സുപ്രീംകോടതി തള്ളി. അദ്ദേഹം പക്ഷപാതപരമായ അഭിപ്രായമുള്ളയാളാണെന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ശക്തമായ പ്രത്യയശാസ്ത്ര ബന്ധമുള്ളയാളാണെന്നോ സാധൂകരിക്കുന്ന ഒന്നും കേന്ദ്രം സമർപ്പിച്ചതിലില്ല.
വിദേശിയായ പുരുഷ പങ്കാളിയുമൊത്ത് ജീവിക്കുന്ന കാരണത്താൽ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സൗരഭ് കൃപാലിനെ ഡൽഹി ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശ പരിഗണിക്കാത്തതിനോടും കൊളീജിയം യോജിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷമായി കേന്ദ്ര സർക്കാർ പരിഗണിക്കാതെ തിരിച്ചയച്ച പേരാണ് സൗരഭിന്റേത്. സ്വവർഗരതിക്കാരുടെ അവകാശത്തെ പിന്തുണക്കുന്ന സൗരഭിന്റെ നിലപാട് പക്ഷപാതത്തിനും മുൻധാരണക്കും വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തെ ജഡ്ജിയാക്കാനുള്ള ശിപാർശ കേന്ദ്രം തിരിച്ചയച്ചത്. എന്നാൽ തന്റെ ലൈംഗിക ചായ്വ് തുറന്നു പറഞ്ഞത് സൗരഭിന്റെ മേന്മയാണെന്ന് 18ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ചേർന്ന കൊളീജിയം വ്യക്തമാക്കി.
ഭരണഘടന അംഗീകരിച്ച അവകാശം വിനിയോഗിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ജഡ്ജിയാക്കാതിരിക്കുന്നത് ഭരണഘടന തത്ത്വങ്ങൾക്കെതിരാണ്. വൈവിധ്യങ്ങളെ ഉൾക്കൊണ്ട് അദ്ദേഹത്തെ ജഡ്ജിയാക്കുന്നത് ഡൽഹി ഹൈകോടതിക്ക് മുതൽകൂട്ടാണ്. അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും ഉയർന്നതാണെന്നും കൊളീജിയം പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് പൗരനാണെന്ന കേന്ദ്രത്തിന്റെ ന്യായവും സുപ്രീംകോടതി തള്ളി. ഉയർന്ന ഭരണഘടന പദവികളിലിരിക്കുന്ന നിരവധി പേരുടെ ജീവിതപങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം ഇതിന് മറുപടി നൽകി. അഡ്വ. ജോൺ സത്യത്തെ മദ്രാസ് ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശയും ആവർത്തിച്ച കൊളീജിയം പുതുതായി മൂന്ന് അഭിഭാഷകരെ കർണാടക ഹൈകോടതിയിലും അഞ്ച് അഭിഭാഷകരെയും മൂന്ന് ജുഡീഷ്യൽ ഓഫീസർമാരെയും മദ്രാസ് ഹൈകോടതിയിലും ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്തു.
‘ദി ക്വിന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ലേഖനം പങ്കുവെച്ചതും മെഡിക്കൽ വിദ്യാർഥി അനിത ആത്മഹത്യ ചെയ്തത് ‘രാഷ്ട്രീയ വഞ്ചനയും ഇന്ത്യക്ക് നാണക്കേടും’ ആണെന്ന് പോസ്റ്റിട്ടതും ആണ് അഡ്വ. ജോൺ സത്യത്തിന്റെ നിയമനം തടയാൻ കേന്ദ്രം ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.