ഡൽഹി: ജമ്മു മേഖലക്ക് ആറും കശ്മീർ താഴ്വരക്ക് ഒന്നും അധിക നിയമസഭാ മണ്ഡലങ്ങൾ ശിപാർശ ചെയ്ത് ജമ്മു-കശ്മീർ മണ്ഡല പുനർനിർണയ കമീഷൻ. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിന് 16 സീറ്റും നീക്കിവെച്ചു.
സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതി തിങ്കളാഴ്ച ന്യൂഡൽഹിയിൽ യോഗം ചേർന്നാണ് ശിപാർശ മുന്നോട്ടുവെച്ചത്. പട്ടികവർഗ വിഭാഗത്തിന് ഒമ്പതും പട്ടികജാതി വിഭാഗത്തിന് ഏഴും സീറ്റുകൾ സംവരണം ചെയ്യാനാണ് നിർദേശം. ജമ്മു-കശ്മീരിൽ പട്ടികവർഗ വിഭാഗത്തിന് സീറ്റ് സംവരണം ചെയ്യുന്നത് ആദ്യമായാണ്. ഡിസംബർ 31നകം ഇക്കാര്യത്തിൽ നിർദേശം പങ്കുവെക്കാൻ സമിതിയിലെ എം.പിമാരായ അഞ്ച് അംഗങ്ങളോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പുതിയ ശിപാർശ പ്രകാരം ജമ്മുവിൽ 43, കശ്മീരിൽ 47 മണ്ഡലങ്ങൾ വീതമാകും.
നിലവിൽ ജമ്മുവിൽ 37, കശ്മീരിൽ 46ഉം മണ്ഡലങ്ങളാണുള്ളത്. അതേസമയം, ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട ശിപാർശയാക്കുകയാണ് കമീഷനെന്ന് ആരോപിച്ച് നാഷനൽ കോൺഫറൻസ് അടക്കം പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ജെ.പിയോട് സൗഹൃദത്തിലാണെന്ന് കരുതുന്ന പി.ഡി.പി, ജെ.കെ അപ്നി പാർട്ടി, പീപ്ൾസ് കോൺഫറൻസ് എന്നിവരും ശക്തമായ പ്രതിഷേധമുയർത്തി.
പുതിയ മണ്ഡല നിർണയം 2011ലെ സെൻസസ് കണക്കുകൾ പ്രകാരം നീതീകരിക്കാനാവുന്നതല്ലെന്നും ശാസ്ത്രീയ സമീപനത്തിന് പകരം രാഷ്ട്രീയ സമീപനമാണ് സ്വീകരിച്ചതെന്നും ആരോപിച്ച നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഉമർ അബ്ദുല്ല കരട് നിർദേശം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. ജനങ്ങളെ മതപരമായും പ്രാദേശികമായും വിഭജിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യം നിറവേറ്റുന്നതിനാണ് ഈ കമീഷനെ സൃഷ്ടിച്ചതെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ് മുഫ്തി ആരോപിച്ചു. ശിപാർശ പൂർണമായി തള്ളുന്നതായും പക്ഷപാതപരമായതിനാൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഇതൊരു ഞെട്ടലാണെന്നും പീപ്ൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോൺ ട്വീറ്റ് ചെയ്തു.
നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ല്ല അടക്കം പാർട്ടിയിലെ മൂന്ന് എം.പിമാർ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അടക്കം ബി.ജെ.പിയിലെ രണ്ട് എം.പിമാർ, എക്സ് ഒഫിഷ്യോ അംഗമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇതാദ്യമായാണ് നാഷനൽ കോൺഫറൻസ് യോഗത്തിനെത്തിയത്. 2019 ആഗസ്റ്റിൽ പാർലമെൻറിൽ അവതരിപ്പിച്ച ജമ്മു-കശ്മീർ പുനഃസംഘടന ബിൽ പ്രകാരം കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കേന്ദ്രം കമീഷനെ നിയോഗിച്ചത്. ഒരുവർഷത്തിനകം മണ്ഡല പുനർനിർണയം പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും കോവിഡ് കണക്കിലെടുത്ത് ഈവർഷം മാർച്ചിൽ ഒരു വർഷം കൂടി അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.