ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ (പി.എം.എഫ്.ബി.വൈ) ഇൻഷുറൻസ് കമ്പനികൾ കർഷകർക്ക് കൊടുക്കാനുള്ളത് 2829 കോടി രൂപ. 2017-18 കാലയളവിലെ റബി-ഖരിഫ് വിള ഇൻഷുറൻസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഭൂരിപക്ഷം അപേക്ഷകളും തീർപ്പാകാതെ കിടക്കുന്നതായി കേന്ദ്ര കൃഷി മന്ത്രാലയത്തിൽനിന്ന് ലഭിച്ച വിവരാവകാശരേഖകളിൽ പറയുന്നു. ഇതിൽ ഖരിഫ് വിള ഇൻഷുറൻസ് അപേക്ഷകളാണ് അംഗീകരിക്കാത്തവയിൽ കൂടുതലും.
വിളവെടുത്ത് നഷ്ടമുണ്ടായാൽ രണ്ടു മാസത്തിനകം നഷ്ടപരിഹാരം കൊടുത്തുതീർക്കണമെന്നാണ് വ്യവസ്ഥ. 2016ൽ പ്രധാനമന്ത്രി മോദി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചതുതന്നെ കൃത്യസമയത്ത് അപേക്ഷ തീർപ്പാക്കി നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനത്തോടെയാണ്. 2016-17ൽ 546 കോടിയും 2017-18ൽ 2282 കോടിയുമാണ് കമ്പനികൾ കർഷകർക്ക് നൽകാനുള്ളത്. റിലയൻസ് ജനറൽ ഇൻഷുറൻസ്, െഎ.സി.െഎ.സി.െഎ ലൊംബാർഡ്, എസ്.ബി.െഎ ജനറൽ ഇൻഷുറൻസ്, അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി (എ.െഎ.സി), ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയാണ് കുടിശ്ശിക വരുത്തിയിരിക്കുന്ന പ്രധാന സ്ഥാപനങ്ങൾ. സർക്കാർ ഉടമസ്ഥതയിലുള്ള എ.െഎ.സിയാണ് ഏറ്റവുമധികം തുക പിടിച്ചുവെച്ചിരിക്കുന്നത്.
എച്ച്.ഡി.എഫ്.സി 300 കോടിയും െഎ.സി.െഎ.സി.െഎ 260 കോടിയും നൽകാനുണ്ടെന്ന് രേഖകളിൽ പറയുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.