മുടിവെട്ടി കുളമാക്കിയതിന് രണ്ട് കോടി നഷ്ടപരിഹാരം: തുക കുറക്കാനാവില്ലെന്ന് ഉപഭോക്തൃ കോടതി

ന്യൂഡൽഹി: താൻ പറഞ്ഞ സ്റ്റൈലിലല്ലാതെ മോശം രീതിയിൽ മുടിവെട്ടിയതിനെതിരെ മോഡൽ നൽകിയ പരാതിയിൽ ഹോട്ടലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ശരിവെച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ന്യൂഡൽഹിയി​ലെ ഐ.ടി.സി മൗര്യ ഹോട്ടലിനെതി​രെ യുവ മോഡൽ ആഷ്‌ന റോയ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഉത്തരവ്.

2018 ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് മൂന്ന് കോടി നഷ്ടപരിഹാരം തേടി ആഷ്‌ന റോയ് ഉപഭോക്തൃ കോടതി​യെ സമീപിച്ചു. കേസിൽ 2021 സെപ്റ്റംബറിൽ ന്യൂഡൽഹി ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ആർ.കെ. അഗർവാൾ, അംഗം ഡോ. എസ്.എം. കാന്തികർ എന്നിവർ ഐ.ടി.സി മൗര്യ ഹോട്ടലിന് രണ്ട് കോടി പിഴ ചുമത്തി.

ഇതിനെതി​രെ ഹോട്ടൽ അധികൃതർ നൽകിയ അപ്പീലിൽ പിഴ പുനപരിശോധിക്കാൻ സുപ്രീം കോടതി ഉപഭോക്തൃ കോടതിക്ക് നിർദേശം നൽകി. എന്നാൽ, പരാതിക്കാരി സമർപ്പിച്ച വിവിധ പരസ്യ കോൺട്രാക്ടുകളും മറ്റുരേഖകളും കണക്കിലെടുക്കുമ്പോൾ രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നൽകിയാൽ മാത്രമേ നീതിയുടെ താൽപ്പര്യം നിറവേറ്റപ്പെടുകയുള്ളൂ എന്ന് ബോധ്യമായതായും തുക കുറക്കാനാവില്ലെന്നും ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

പരാതിക്കാരി നഷ്ടപരിഹാരത്തിനായുള്ള അവകാശവാദത്തിൽ മതിയായ തെളിവുകൾ ഹാജരതാക്കിയതായും കമീഷൻ ഉത്തരവിൽ വ്യക്തമാക്കി. ആദ്യ ഉത്തരവ് പാസാക്കിയ 2021 സെപ്റ്റംബർ മുതൽ പിഴത്തുകയുടെ 9 ശതമാനം പലിശ സഹിതം അടയ്ക്കാൻ ഐടിസി ഹോട്ടലിനോട് നിർദേശിച്ചു.

ഒരു അഭിമുഖത്തിന് ഹാജരാകുന്നതിന് മുന്നോടിയായാണ് ആഷ്‌ന റോയ് ഐടിസി മൗര്യ ഹോട്ടലിലെ സലൂണിൽ പോയത്. സ്ഥിരം ഹെയർഡ്രെസ്സറെ ലഭ്യമല്ലാത്തതിനാൽ മറ്റൊരാളാണ് അന്ന് മുടിവെട്ടിയത്. ഒരു മണിക്കൂറിലധികം സമയമെടുത്ത് മുടിവെട്ടിക്കഴിഞ്ഞപ്പോൾ താൻ നിർദേശിച്ചത് പോലെയല്ല ചെയ്തതെന്ന് മനസ്സിലായി. തുടർന്ന്, ഹോട്ടൽ അധികൃതരുമായി സംസാരിച്ചപ്പോൾ സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. എന്നാൽ, ചികിത്സക്ക് ശേഷം തലയോട്ടിയിൽ ചൊറിച്ചിലും പൊള്ളലും ഉണ്ടായതായും മുടിയു​ടെ കാഠിന്യം കൂടിയതായും അവർ ആരോപിച്ചു. ഹോട്ടൽ ജീവനക്കാരുടെ സഹായം തേടാൻ ശ്രമിച്ചെങ്കിലും അവർ അധിക്ഷേപകരമായാണ് ​പെരുമാറിയതെന്നും ആഷ്‌ന റോയ് കോടതിയിൽ ബോധിപ്പിച്ചു.

സേവനത്തിലെ അപാകതയും അപമാനം, മാനസിക ആഘാതം എന്നിവയും ആരോപിച്ചാണ് നഷ്ടപരിഹാരമായി 3 കോടി രൂപയും ഐടിസി മാനേജ്‌മെന്റിൽ നിന്ന് രേഖാമൂലം മാപ്പും ആവശ്യ​പ്പെട്ട് അവർ ഹർജി ഫയൽ ചെയ്തത്. സംഭവത്തിൽ ഐടിസി ഹോട്ടൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമീഷൻ, രണ്ട് കോടി പിഴ വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഹോട്ടൽ സുപ്രീം കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം പുനപരിശോധിക്കാൻ സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. ഉപഭോക്താവ് ഉന്നയിക്കുന്ന അവകാശവാദത്തെ മാത്രം അടിസ്ഥാനമാക്കിയല്ല, തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം പിഴ വിധിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, വിവിധ പരസ്യ കരാറുകളിൽ ഏർപ്പെട്ട മോഡലിന്, മോശം മുടി​വെട്ടൽ വഴി കോടികളുടെ നഷ്ടം സംഭവിച്ചതായി കമീഷൻ കണ്ടെത്തുകയും നഷ്ടപരിഹാരം ശരിവെക്കുകയും ചെയ്തു.

Tags:    
News Summary - Compensation for bad haircut: NCDRC maintains its earlier award of ₹2 crore against ITC despite Supreme Court direction to reconsider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.