അഹ്മദാബാദ്: മുസ്ലിം യുവാക്കളെ ഹിന്ദു സ്ത്രീകളുമായി ബന്ധപ്പെടുത്തി 'ലവ് ജിഹാദ്' ആരോപണത്തിെൻറ പശ്ചാത്തലത്തിൽ ഗുജറാത്തിൽ നിന്നും മറിച്ചൊരു വാർത്ത. വ്യാജ വാഗ്ദാനം നൽകി മുസ്ലിം യുവതിയെ വിവാഹം കഴിച്ച് ഹിന്ദുമതത്തിൽ ചേർത്തുവെന്ന ഹിന്ദു പുരുഷനെതിരായ പരാതിയിൽ ഗുജറാത്ത് പൊലീസ് അന്വേഷണം തുടങ്ങി. വ്യത്യസ്ത മതക്കാർ തമ്മിലുള്ള വിവാഹങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ ബിൽ പാസാക്കി ദിവസങ്ങൾ പിന്നിടുേമ്പാഴാണ് വഡോദര സ്വദേശിയായ നാസ്നിെൻറ വിവാഹവും മതംമാറ്റവും വാർത്തകളിൽ നിറയുന്നത്. നാസ്നിെൻറ സഹോദരൻ അർബാസ് ഖാൻ ആണ് പരാതി നൽകിയത്.
ഫ്ലാറ്റും കാറും ജോലിയും വാഗ്ദാനം ചെയ്ത് കൽപേഷ് ചൗഹാൻ എന്നയാൾ തെൻറ സഹോദരിയെ വിവാഹം ചെയ്തുവെന്നും ഹിന്ദുമതത്തിലേക്ക് നിർബന്ധിച്ച് മാറ്റിയെന്നും ഇദ്ദേഹം പറയുന്നു. ഇയാൾ വഞ്ചിക്കുകയായിരുന്നുവെന്നും മതംമാറ്റമായിരുന്നു ഉദ്ദേശ്യമെന്നും പരാതിയിൽ വ്യക്തമാക്കി. 2021ലെ പുതിയ ഗുജറാത്ത് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ പ്രകാരം ചൗഹാെൻറ നടപടി ശിക്ഷാർഹമാണെന്നും ഇതിലെ 2, 5 (2) വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും ഖാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാസ്നിനും ചൗഹാനും വർഷങ്ങളായി വഡോദരയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നുവെന്നും ആ സമയത്ത് ചൗഹാനും സഹോദരനും മാതാപിതാക്കളും ഹിന്ദുമതത്തിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. മാർച്ച് 31ന് ജോലി കഴിഞ്ഞ് നാസ്നിൻ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നപ്പോൾ ഖാൻ പിറ്റേദിവസം ചൗഹാെൻറ വീട്ടിൽ അന്വേഷിച്ചുചെന്നു. നാസ്നിൻ ഇപ്പോൾ ഹിന്ദു സ്ത്രീ ആണെന്നും മറ്റൊരു ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നുമായിരുന്നു മറുപടി.
വിവാഹം റദ്ദാക്കണമെന്ന് ഖാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദമ്പതികൾ പ്രത്യേക വിവാഹ നിയമം പ്രകാരം 2021 ഫെബ്രുവരി 20ന് രജിസ്ട്രേഷന് അപേക്ഷ നൽകിയതായും രജിട്രേഷൻ ഓഫിസർക്ക് എതിർപ്പുകളൊന്നും ലഭിക്കാത്തതിനാൽ ഒരു മാസം പൂർത്തിയായശേഷം മാർച്ച് 22ന് വിവാഹം രജിസ്റ്റർ ചെയ്തുവെന്നുമാണ് വഡോദര പൊലീസ് പറയുന്നത്.
ബി.ജെ.പി സർക്കാർ നിയമസഭയിൽ പാസാക്കിയ വിവാദപരമായ ബിൽ മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമിട്ടാണെന്നും ഇത് മതസ്വാതന്ത്ര്യത്തിെൻറ ലംഘനമാണെന്നും ആരോപണമുയർന്നിരുന്നു. സംസ്ഥാന ഗവർണറോട് ഈ ബില്ലിൽ ഒപ്പിടരുതെന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള പൗരാവകാശ സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.