റാഞ്ചി: ഝാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സന്തോഷ് ഗാംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് മുമ്പ്, പിതാവും മുതിർന്ന ജെ.എം.എം നേതാവുമായ ഷിബു സോറനെ സന്ദർശിച്ചു.
ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത് നാലാം തവണയാണ്. ഇതാദ്യമാണ് ഝാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കിയ ഒരു സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്. 81 അംഗ നിയമസഭയിൽ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകൾ നേടിയപ്പോൾ എൻ.ഡി.എക്ക് 24 സീറ്റുകളാണ് ലഭിച്ചത്.
ബി.ജെ.പി 21 സീറ്റും എ.ജെ.എസ്.യു പാർട്ടി, ലോക് ജനശക്തി പാർട്ടി (റാം വിലാസ്), ജെ.ഡി.യു, ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച എന്നിവ ഓരോ സീറ്റിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.