ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ വിവിധ തലങ്ങളിൽനിന്ന് അനുശോചന പ്രവാഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി പ്രമുഖരുടെ വൻനിര ആദരാഞ്ജലി അർപ്പിച്ചു.
രാജ്യത്തിെൻറ ശ്രേഷ്ഠരായ മക്കളിൽ ഒരാളെയാണ് നഷ്ടമായിരിക്കുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. രാഷ്ട്രത്തിെൻറ വികസന വഴിയിൽ സ്ഥായിയായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് പ്രണബ് വിടവാങ്ങിയതെന്ന് നരേന്ദ്ര മോദി അനുസ്മരിച്ചു.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഹർഷ് വർധൻ, പ്രകാശ് ജാവ്ദേക്കർ, തവർ ചന്ദ് ഗഹ്ലോട്ട്, മുഖ്താർ അബ്ബാസ് നഖ്വി തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇന്ത്യയുടെ തികവുറ്റ രാജ്യതന്ത്രജ്ഞനും ദീർഘദൃഷ്ടിയുള്ള നേതാവുമായിരുന്നു പ്രണബ് എന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും അനുസ്മരിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ നേതാക്കളിലൊരാളെയാണ് നഷ്ടമായതെന്ന് മൻമോഹൻ സിങ് പറഞ്ഞു. അഞ്ച് പതിറ്റാണ്ടു കാലത്തെ ഇന്ത്യയുടെ ചരിത്രം പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിെൻറ കഴിഞ്ഞ 50 വർഷത്തെ ജീവിതമെന്നും രാജ്യത്തിനുവേണ്ടി ആത്മാർഥമായി സേവനം അർപ്പിച്ചുവെന്നും പ്രണബിെൻറ മകൾ ശർമിഷ്ഠക്കെഴുതിയ കത്തിൽ സോണിയ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അഗാധ ദുഃഖം അറിയിച്ചു. മറ്റു നേതാക്കളായ ഗുലാം നബി ആസാദ്, അഹ്മദ് പട്ടേൽ, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ തുടങ്ങിയവരും ദുഃഖം രേഖപ്പെടുത്തി.
നാഗ്പുർ: പ്രണബ് പണ്ഡിതനും രാജ്യസ്നേഹിയുമായിരുന്നുവെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അനുസ്മരിച്ചു. അദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്ന എല്ലാ സ്വയംസേവകർക്കും ഈ വിയോഗം വലിയൊരു നഷ്ടമാണ്.
കുടുംബത്തിലെ മുതിർന്ന സഹോദരനോട് സംസാരിക്കുന്നതുപോലെ ആയിരുന്നു തനിക്കദ്ദേഹത്തോടെന്നും ആർ.എസ്.എസ് മേധാവി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന സംഘ്പരിവാർ പരിപാടിയിൽ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിനിടയിലും പ്രണബ് പങ്കെടുത്ത കാര്യവും ഭാഗവത് അനുസ്മരിച്ചു.
തിരുവനന്തപുരം: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. ഭരണനിര്‍വഹണത്തിലും പാര്‍ലമെൻററി നടപടികളിലും അതുല്യ അനുഭവജ്ഞാനമുണ്ടായിരുന്ന രാജ്യതന്ത്രജ്ഞനായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ഗവര്‍ണര്‍ അനുസ്മരിച്ചു.
ബംഗാളില്‍ നിന്നാരംഭിച്ച ഭാരതീയ നവോത്ഥാനത്തിെൻറ സമുന്നത മൂല്യങ്ങളാണ് രാഷ്ട്രീയത്തിലേക്ക് വഴിമാറിയെത്തിയ ഈ പണ്ഡിതെൻറ വ്യക്തിത്വത്തില്‍ എന്നും പ്രതിഫലിച്ചെതന്നും ഗവർണർ പറഞ്ഞു.
ഇന്ത്യയുടെ യശസ്സ് സാർവദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തെൻറ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിെൻറ നേർപിന്‍മുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. പ്രണബ് മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതക്കും കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദുഃഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
ഔദ്യോഗിക ആഘോഷ പരിപാടികളും ഈ ദിവസങ്ങളിൽ ഉണ്ടാകില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ല കലക്ടർമാർക്ക് നിർദേശം നൽകി.
കൊൽക്കത്ത: പ്രണബ് മുഖർജിയുടെ വിയോഗത്തിൽ പശ്ചിമ ബംഗാളിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി നേതാക്കളും അണികളും കക്ഷിഭേദമില്ലാതെ അനുശോചിച്ചു. ഒരു യുഗത്തിെൻറ അന്ത്യമായിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജി അനുസ്മരിച്ചത്.
''ഏറെ ദുഃഖഭാരത്തിലാണ് ഞാനിതെഴുതുന്നത്. ഭാരതരത്ന പ്രണബ് മുഖർജി ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഞാൻ എം.പിയായിരുന്നപ്പോഴും മന്ത്രിസഭയിൽ സഹപ്രവർത്തകനായിരുന്നപ്പോഴും പിൽക്കാലത്തുമെല്ലാം പിതൃതുല്യനായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഡൽഹിയിൽ എത്തിയാൽ പ്രണബ് ദായെ സന്ദർശിക്കാതെ തിരിച്ചുവരാറില്ലായിരുന്നു. രാഷ്ട്രീയം മുതൽ സാമ്പത്തിക ശാസ്ര്ത്രം വരെ എല്ലാത്തിലും ഇതിഹാസമായിരുന്നു അദ്ദേഹം'' -മമത അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
എതിർചേരിയിലായിരുന്നപ്പോഴും ഊഷ്മള ബന്ധം പുലർത്തിയവരായിരുന്നു തങ്ങളെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ അനുസ്മരിച്ചു.
കൊച്ചി: രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിെൻറ ഉടമയായിരുന്നു അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി.
പ്രഗല്ഭനായ ഭരണാധികാരിയും നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. വളരെ അടുത്ത സ്നേഹബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്.
ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന കാലം മുതൽ രാഷ്ട്രപതിയാകുന്നതുവരെ വിവിധ അവസരങ്ങളിൽ അടുത്ത ബന്ധം പുലർത്താൻ തനിക്ക് സാധിച്ചിട്ടുണ്ട്. പ്രണബ് മുഖർജിയുടെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയ, നയതന്ത്ര ലോകത്തെ നികത്താനാവത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.