പുണെ: ചിഞ്ച്‌വാദിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിന് വിതരണം ചെയ്ത സമൂസയിൽ നിന്ന് കോണ്ടം, ഗുട്ക, കല്ലുകൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ കാറ്ററിങ് സർവിസുകാരടക്കം അഞ്ച് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ കാൻ്റീനിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ കാറ്റലിസ്റ്റ് സർവിസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. ഇവർ സമൂസ നൽകാനുള്ള കരാർ മനോഹർ എൻ്റർപ്രൈസസ് എന്ന മറ്റൊരു സ്ഥാപനത്തിന് സബ് കോൺട്രാക്ട് നൽകി. ശനിയാഴ്ച ഇവർ വിതരണം ചെയ്ത സമൂസയിൽനിന്നാണ് ഓട്ടോമൊബൈൽ കമ്പനിയിലെ ചില ജീവനക്കാർക്ക് കോണ്ടം, ഗുട്ട്ക, കല്ലുകൾ എന്നിവ ലഭിച്ചത്.
കാറ്ററിങ് സ്ഥാപനങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. നേരത്തെ എസ്.ആർ.എ എൻ്റർപ്രൈസസ് എന്ന സ്ഥാപനത്തിനായിരുന്നു കരാർ നൽകിയിരുന്നത്. ഇവരുടെ സമൂസയിൽ മുറിവിന് ഒട്ടിക്കുന്ന ബാൻഡേജ് കണ്ടെത്തിയതിനെ തുടർന്ന് കരാർ റദ്ദാക്കുകയായിരുന്നു. പിന്നീട് മനോഹർ എൻ്റർപ്രൈസസിന് കരാർ നൽകി. ഇതിൽ കുപിതരായ എസ്.ആർ.എ ഉടമസ്ഥർ തങ്ങളുടെ രണ്ട് ജീവനക്കാരെ മനോഹറിലേക്ക് ജോലിക്ക് അയക്കുകയും അവരെ ഉപയോഗിച്ച് സമൂസയിൽ ഗർഭ നിരോധന ഉറയും കല്ലും ഗുട്കയും കലർത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഐപിസി സെക്ഷൻ 328, 120 ബി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി എസ്.ഐ ധ്യാനേശ്വർ കട്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.