ന്യൂഡൽഹി: കേരളത്തിലെ ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിക്കാൻ തയാറാക്കിയ ചുരുക്കപ്പട്ടികയിലെ വെട്ടും തിരുത്തും തീർന്നില്ല. ഹൈകമാൻഡ് പ്രതിനിധികളുമായി ചർച്ച പൂർത്തിയാക്കാൻ കഴിയാതെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ മടക്കയാത്ര മാറ്റിവെച്ചു. തർക്കവും ആശയക്കുഴപ്പവും ബാക്കിനിൽക്കേ, പട്ടിക പ്രഖ്യാപനം വൈകും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ ഡി.സി.സി പ്രസിഡൻറുമാരെ നിശ്ചയിക്കുന്നതിലാണ് പ്രധാന പ്രശ്നം. സാമുദായിക, മേഖല, പ്രാദേശിക സന്തുലനം എന്നിവ നോക്കേണ്ടതുണ്ടെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറും മൂന്നു വർക്കിങ് പ്രസിഡൻറുമാരും പ്രതിപക്ഷ നേതാവും ഡൽഹിയിലെത്തി കഴിഞ്ഞയാഴ്ച സമർപ്പിച്ച ചുരുക്കപ്പട്ടികയാണ് തർക്കത്തിലായത്.
പല ജില്ലകൾക്കും ഒന്നിലധികം പേരുകളുള്ള ചുരുക്കപ്പട്ടിക പുതിയ പേരുകൾ ഉൾപ്പെടുത്തി പൊളിച്ചു പണിയുന്നില്ല. എന്നാൽ, ഗ്രൂപ് പ്രാതിനിധ്യം പോരാത്തതിനാൽ ഉടക്കിയ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കൂടി സ്വീകാര്യമായ പേരുകൾ കണ്ടെത്താനുള്ള ചർച്ചകളാണ് തീരാത്തത്. ഡൽഹിക്ക് പുറപ്പെടുന്നതിനു മുമ്പ് പട്ടിക മുൻനിർത്തി സുധാകരൻ പല തലങ്ങളിൽ ചർച്ച നടത്തിയിരുന്നു.
ഓരോ ജില്ലക്കും ഒറ്റപ്പേര് മുന്നോട്ടു വെക്കാൻ ഹൈകമാൻഡ് ചുമതലപ്പെടുത്തിയ പ്രകാരമായിരുന്നു ഈ ചർച്ചകൾ. ഡൽഹിയിലെത്തിയ സുധാകരൻ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി നീണ്ട ചർച്ച നടത്തി. വൈകീട്ട് താരിഖ് അൻവറെയും കണ്ടു. സമവായമായെന്നും പട്ടിക ഹൈകമാൻഡ് പ്രഖ്യാപിക്കുമെന്നുമാണ് അതിനു ശേഷം സുധാകരെൻറ വാക്കുകൾ. പക്ഷേ, ചർച്ച നാളെയും തുടരുമെന്നാണ് താരിഖ് അൻവർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.