സോണിയയും പ്രിയങ്കയും രാജി സന്നദ്ധത അറിയിച്ചെന്നത് നിഷേധിച്ച് കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാജിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പേരുവെളിപ്പെടുത്താത്ത കോൺഗ്രസ് വൃത്തങ്ങളെ അധികരിച്ച് എൻ.ഡി.ടി.വി പുറത്തുവിട്ട വാർത്ത തെറ്റാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

നാളത്തെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇരുവരും രാജിസന്നദ്ധത അറിയിക്കുമെന്നായിരുന്നു ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്ത പിന്നീട് എൻ.ഡി.ടി.വി പിൻവലിച്ചു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നാളെ വൈകീട്ട് നാലിനാണ് പ്രവർത്തക സമിതി യോഗം.

സെപ്റ്റംബറിൽ നിശ്ചയിച്ച സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും സൂചനകളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ പാർട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്. പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കും. തോൽവിക്കു പിന്നാലെ ദേശീയ നേതൃത്വം പലവിധ ചോദ്യങ്ങൾ നേരിടുകയാണ്. തിരുത്തൽവാദി നേതാക്കളും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.

ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ വെള്ളിയാഴ്ച ഗുലാംനബിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ സമഗ്ര അഴിച്ചുപണി, സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെടും.

Tags:    
News Summary - Cong Denies Rahul-Sonia-Priyanka to Offer Resignation Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.