ന്യൂഡൽഹി: ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെയും രാഹുൽഗാന്ധിയുടെയും ഹെലികോപ്ടറുകൾ ബി.ജെ.പിയും കേന്ദ്രസർക്കാരും വൈകിപ്പിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘ഇന്നലെ ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ ബോധപൂർവം മണിക്കൂറുകളോളം വൈകിപ്പിച്ചത് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിമാനത്തിൽ ഇരുന്നതിനാലാണ്. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇറങ്ങുന്നതിനാൽ എന്റെ ഹെലികോപ്ടർ 20 മിനിറ്റ് വൈകി. അദ്ദേഹത്തിന്റെ വഴി വേറെയും എന്റെ വഴി വേറെയും ആയിരുന്നിട്ടും’ -പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഇർഫാൻ അൻസാരിക്ക് വേണ്ടി ശനിയാഴ്ച ജംതാരയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാർഗെ പറഞ്ഞു.
ജംതാരയിലെ റാലിക്കുശേഷം ഖാർഗെ റാഞ്ചി ജില്ലയിലെ ഖിജ്‌രിയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി നടത്തിയ റാലിയെയും അഭിസംബോധന ചെയ്തു. ദുംക, മധുപൂർ, ധൻവാർ എന്നിവിടങ്ങളിലെ റാലികളിൽ ഷായും സംസാരിച്ചു. മധുപൂരിൽ നിന്ന് 45 കിലോമീറ്ററും ദുംകയിൽ നിന്ന് 75 കിലോമീറ്ററും അകലെയാണ് ജംതാര.
വെള്ളിയാഴ്ച എയർ ട്രാഫിക് കൺട്രോളിന്റെ അനുമതിയില്ലാത്തതിനാൽ രാഹുലിന്റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു. കാലതാമസം രാഷ്ട്രീയ പ്രേരിതമാണെന്നും ഗോഡ്ഡ ജില്ലയിലെ മഹാഗാമയിൽ നിന്ന് ജാർഖണ്ഡിലെ ബെർമോയിലേക്ക് കൊണ്ടുപോകാനാണ് ഹെലികോപ്ടർ എത്തിച്ചതെന്നും കോൺഗ്രസ് പറഞ്ഞു. വെള്ളിയാഴ്‌ച രണ്ട് മണിക്കൂറോളം ദിയോഘർ വിമാനത്താവളത്തിൽ കുടുങ്ങിയ നരേന്ദ്ര മോദി പ്രശ്‌നം പരിഹരിക്കുന്നതിനായി കാത്തിരിക്കുന്നതിനിടെ മേഖലയിലെ വ്യോമാതിർത്തിയിൽ ‘നോ ഫ്‌ലൈ സോൺ’ പ്രഖ്യാപിച്ചുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.
വൈകുന്നേരത്തോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് കാലതാമസം രാഹുലിന്റെ പ്രചാരണ ഷെഡ്യൂളിനെ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനു നിവേദനം സമർപ്പിച്ചു. കാബിനറ്റ് മന്ത്രിക്ക് തത്തുല്യമായ പദവിയുള്ള തനിക്കും രാഹുലിനും റിസർവ് ചെയ്ത എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഖാർഗെ പ്രതികരിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന് കാബിനറ്റ് മന്ത്രിക്ക് തുല്യമായ പദവിയുണ്ട്. എനിക്കും കാബിനറ്റ് മന്ത്രി പദവിയുണ്ടെങ്കിലും എയർപോർട്ടിലെ റിസർവ്ഡ് ലോഞ്ച് പ്രധാനമന്ത്രിക്ക് വേണ്ടി മാറ്റിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാനമന്ത്രിക്കുവേണ്ടി ഒരു ടോയ്‌ലറ്റ് മാറ്റിവെക്കാമോ എന്ന് ഞാൻ ചോദിക്കുന്നു -വിമാനത്താവളത്തിന്റെ പേര് പറയാതെ ഖാർഗെ പറഞ്ഞു.
ബംഗ്ലാദേശ് നുഴഞ്ഞുകയറ്റ വിഷയത്തിൽ മോദിയും ഷായും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ‘അവർക്ക് കേന്ദ്രത്തിൽ അധികാരമുണ്ട്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉറങ്ങുകയാണോ? അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് അവർക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയുന്നില്ല? അവർക്ക് ഹെലികോപ്ടർ നിർത്തിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തടയാൻ കഴിയുന്നില്ല?’ ഖാർഗെ ചോദിച്ചു. ഇ.ഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഫെഡറൽ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി.ജെ.പി ഉപയോഗിക്കുന്നതായും ഖാർഗെ ആരോപിച്ചു.
ജാർഖണ്ഡിലെ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാർ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.