ന്യൂഡൽഹി: ഇൻഡ്യ മുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിൽനിന്ന് കോൺഗ്രസ് മാറി നിൽക്കണമെന്ന് മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ. നേതൃസ്ഥാനം ആഗ്രഹിക്കുന്നവർ സഖ്യത്തിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടേയെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രാപ്തിയും കഴിവുമുള്ള നേതാവാണെന്നും ശങ്കർ പറഞ്ഞു.
‘എ മാവെറിക് ഇൻ പൊളിറ്റിക്സ്’ എന്ന തന്‍റെ ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശങ്കറിന്‍റെ പ്രതികരണം. ‘ഇൻഡ്യ സഖ്യത്തിന്‍റെ നേതൃസ്ഥാനത്തേക്ക് വരുന്നതിൽനിന്ന് കോൺഗ്രസ് മറിനിൽക്കുകയാണ് വേണ്ടത്. ആരാണോ നേതൃസ്ഥാനം ആഗ്രഹിക്കുന്നത് അവർ നയിക്കട്ടെ. മമതാ ബാനർജിക്ക് കഴിവും പ്രാപ്തിയുമുണ്ട്...സഖ്യത്തിൽ കഴിവുള്ള മറ്റു നേതാക്കളുമുണ്ട്. അതുകൊണ്ട്, ആരാണ് നേതാവാകുന്നത് എന്നത് എനിക്ക് പ്രശ്‌നമല്ല, കാരണം സഖ്യത്തിൽ കോൺഗ്രസിന്‍റെയും പാർട്ടി നേതാക്കളുടെയും സ്ഥാനം എല്ലായ്പ്പോഴും പ്രധാനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതുമാത്രമല്ല, ഇൻഡ്യ മുന്നണിയിലെ നിർണായക ശക്തിയായിരിക്കും. സഖ്യത്തിന്‍റെ അധ്യക്ഷനെന്ന നിലയിൽ രാഹുലിന് ലഭിക്കുന്നതിനേക്കാൾ ബഹുമാനത്തോടെയായിരിക്കും അദ്ദേഹത്തോട് മറ്റുള്ളവർ പെരുമാറുകയെന്ന് എനിക്ക് ഉറപ്പുണ്ട്’ -മണിശങ്കർ അയ്യർ പറഞ്ഞു.
തന്‍റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്ന് മണിശങ്കർ അയ്യർ നേരത്തെ തുറന്നുപറഞ്ഞിരുന്നു. പത്തു വർഷത്തോളം സോണിയ ഗാന്ധിയെ നേരിൽ കാണാൻ അവസരം ലഭിച്ചില്ല. രാഹുൽ ഗാന്ധി എന്നെ കാണാൻ കൂട്ടാക്കുകയും ചെയ്തില്ല. ഇതോടെ കോൺഗ്രസിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ ഒന്നും താൻ പോയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന്‍റെ മുഖം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.