ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജൂലൈ 9 ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്. ആര്‍.എസ്.എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966ലെ ഉത്തരവാണ് കേന്ദ്രം പിൻവലിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും ജയറാം രമേശ് ചൂണ്ടികാട്ടി. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
'ഗാന്ധി വധത്തെ തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിനു മേല്‍ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. പിന്നീട്, നല്ലനടപ്പ് ഉറപ്പ് നല്‍കിയതോടെ നിരോധനം നീക്കി. ഇതിന് ശേഷം നാഗ്പൂരില്‍ ആര്‍.എസ്.എസ് പതാക പറത്തിയിട്ടില്ല' എന്നും ജയറാം രമേശ് പറയുന്നു.
എന്നാൽ '1966 ല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവന്നു. 'സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആര്‍.എസ്.എസിലെയും ജമാ അത്തെ ഇസ്ലാമിയിലെയും അംഗത്വവും പ്രവര്‍ത്തനവും സംബന്ധിച്ചുള്ള സര്‍ക്കാര്‍ നയത്തില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും ജയറാം രമേശ് കുറിച്ചു. ഹിന്ദുത്വ സംഘടനയുടെ അംഗങ്ങൾക്കുള്ള യൂണിഫോമിൻ്റെ ഭാഗമായിരുന്ന കാക്കി ഷോർട്ട്‌സിനെ പരാമർശിച്ചു കൊണ്ട് ബ്യൂറോക്രസിക്ക് ഇപ്പോൾ നിക്കറിലും വരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് പവൻ ഖേരയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
അതേസമയം ബി.ജെ.പി ഐ.ടി വിഭാഗം മേധാവി അമിത് മാളവ്യയും ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിട്ടുണ്ട്. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അമിത് മാളവ്യ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.