കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പുകാര്യങ്ങളിൽ പൂർണ അധികാരം തനിക്ക് നൽകണമെന്ന പ്രശാന്ത് കിഷോറിന്‍റെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായില്ല. മറുഭാഗത്ത് തങ്ങളുമായി സഹകരിക്കുകയാണെങ്കിൽ പ്രശാന്ത് കിഷോർ മറ്റു രാഷ്ട്രീയ പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനദ്ദേഹം തയാറായില്ല.
ഇത് വക വെക്കാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ ടി.ആർ.എസുമായി ഞായറാഴ്ച അദ്ദേഹം തെരഞ്ഞെടുപ്പ് കരാറിൽ ഏർപ്പെട്ടു. തെലങ്കാനയിൽ ടി.ആർ.എസിനെ കോൺഗ്രസ് നേരിടാനൊരുങ്ങുമ്പോൾ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ. കരാറിലേർപ്പെട്ട തന്‍റെ ഏജൻസിയായ 'ഐ-പാക്' മാത്രമാണെന്നും താനതിൽ ഉണ്ടാകില്ലെന്നും സ്ഥാപിക്കാൻ പ്രശാന്ത് കിഷോർ ശ്രമിച്ചെങ്കിലും അദ്ദേഹമില്ലാത്ത 'ഐ-പാകു'മായി ധാരണയില്ലെന്ന് ടി.ആർ.എസ് പ്രഖ്യാപിച്ചു.
തെലങ്കാനക്ക് പുറമെ കോൺഗ്രസിനോട് രാഷ്ട്രീയമായി എതിർപ്പ് പ്രകടിപ്പിക്കുന്ന തൃണമുൽ കോൺഗ്രസുമായും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസുമായും പ്രശാന്ത് കിഷോറിനുള്ള ബന്ധം കോൺഗ്രസ് നേതാക്കളുടെ എതിർപ്പ് ഏറ്റി. കോൺഗ്രസിനെ 2024ലെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ പാർട്ടിയെ ഉടച്ചുവാർക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളും പ്രശാന്ത് കിഷോർ അതിന് അനുയോജ്യനാണോ എന്ന കാര്യത്തിൽ സംശയത്തിലായിരുന്നു. കോൺഗ്രസിനോട് ആദർശപരമായി യോജിക്കുന്ന ആളല്ല പ്രശാന്ത് കിഷോർ എന്ന വിമർശനം ദിഗ്വിജയ് സിങ്ങിനെ പോലുള്ള നേതാക്കൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തു.
കിഷോർ സമർപ്പിച്ച തെരഞ്ഞെടുപ്പ് നയ രുപരേഖ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി, ദിഗ്വിജയ്, ജയറാം രമേശ്, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെയാണ് സോണിയ ഗാന്ധി പഠിക്കാൻ നിയോഗിച്ചത്. തുടർന്ന് ഏപ്രിൽ 21ന് സമർപ്പിച്ച പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിന് പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഒരു കമർസമിതിയെ നിയോഗിക്കുകയും അതിന്‍റെ ഭാഗമാകാൻ കിഷോറിനെ ക്ഷണിക്കുകയും ചെയ്തു.
തീരുമാനങ്ങളിൽ പൂർണ സ്വാതന്ത്ര്യം ആഗ്രഹിച്ച തന്ത്രജ്ഞന് ഒരു സംഘത്തിന്‍റെ ഭാഗമാകാനുള്ള ക്ഷണവും കോൺഗ്രസിൽ വന്നാൽ മറ്റു പാർട്ടികളുമായി കരാറുണ്ടാക്കരുതെന്ന ഉപാധിയും അസ്വീകാര്യമായി. പരസ്പര വൈരുധ്യങ്ങൾ തീർക്കാനാകാതെ ഇരുകൂട്ടരും വഴി പിരിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.