ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. 43 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ മണ്ഡലമായ ഘട് ലൊദിയയിൽ നിന്ന് രാജ്യസഭാ എം.പി അമീ യാഗ്നിക് മത്സരിക്കും. മുതിർന്ന നേതാവും പാർട്ടി മുൻ എം.എൽ.എയുമായ അർജുൻ മൊദ്‍വാദിയ പോർബന്തർ സീറ്റിൽ നിന്ന് മത്സരിക്കും. ഇദ്ദേഹം 2012ലും 2017ലും ബി.ജെ.പിയുടെ ബാബു ബൊഖിരിയയോട് തോറ്റിരുന്നു.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച 43 സീറ്റുകളിൽ ദാഹോദ് ജില്ലയിലെ ഝാലോദ് മാത്രമാണ് നിലവിൽ പാർട്ടിയുടെ കൈവശമുള്ളത്. എന്നാൽ ഇവിടെ സിറ്റിങ് എം.എൽ.എ ഭാവേഷ് കതാരക്ക് പകരം മിതേഷ് ഗരാസിയയാണ് മത്സരിക്കുക. 2012 -17 വർഷത്തിൽ കോൺഗ്രസ് എം.എൽ.എയായിരുന്നു ഗരാസിയ.
മുൻ കോൺഗ്രസ് എം.എൽ.എ ഭോലാബായ് ഗോഹലിന് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്. 2017 ൽ മത്സരിക്കാൻ അവസരം നൽകാത്തതിനെ തുടർന്ന് ബി.ജെ.പിയിലേക്ക് മാറിയ ഗോഹൽ 2018 ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മുതിർന്ന പാർട്ടി നേതവും മുൻ ബി.ജെ.പി എം.എൽ.എയുമായിരുന്ന കനുഭായ് കൽസരിയക്കും ഭാവ് നഗറിലെ മഹുവ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കാൻ അവസരം നൽകിയിട്ടുണ്ട്. 2017ൽ സ്വതന്ത്രനായി മഹുവയിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ രാഘവ് മക്‍വാനയോട് തോൽക്കുകയായിരുന്നു.
ആദ്യ പട്ടികയിൽ അമീ യാഗ്നിക് ഉൾപ്പെടെ ഏഴ് സ്ത്രീകളാണുള്ളത്. ചില മുൻ എം.എൽ.എമാർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. 10 പട്ടേൽ/പട്ടീദാർ വിഭാഗക്കാർ ഉൾപ്പെട്ടിട്ടുണ്ട്. 11 ആദിവാസി വിഭാഗവും 10 മറ്റ് പിന്നാക്കക്കാരും അഞ്ച് പട്ടിക ജാതിക്കാരുമുണ്ട്.
ബി.ജെ.പി ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എ.എ.പി 118 സീറിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.