കൃഷ്ണഗഞ്ച്: ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായിരുന്ന ജെ.ഡി.യുവും നിതീഷ് കുമാറും എൻ.ഡി.എ പക്ഷത്തേക്ക് കളം മാറിയതിന് പിന്നാലെ ബിഹാറിൽ പര്യടനം ആരംഭിച്ച രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ ന്യായ് യാത്രക്കും വൻ വരവേൽപ്പ്. പശ്ചിമ ബംഗാൾ പര്യടനത്തിനിടെയാണ് ന്യായ് യാത്ര ബിഹാറിൽ പ്രവേശിച്ചത്. നാല് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന രാഹുലും സംഘവും 425 കിലോമീറ്റർ പര്യടനം നടത്തും.
രാവിലെ ന്യായ് യാത്ര കൃഷ്ണഗഞ്ച് വഴിയാണ് ബിഹാറിൽ പ്രവേശിച്ചത്. ജനുവരി 31ന് മാൾഡ വഴി വീണ്ടും ബംഗാളിൽ പ്രവേശിക്കുന്ന യാത്ര പിന്നീട് മുർഷിദാബാദിലൂടെ സഞ്ചരിച്ച് ഫെബ്രുവരി ഒന്നിന് സംസ്ഥാനം വിടും.
കഴിഞ്ഞ ദിവസം അസം പര്യടനം പൂർത്തിയാക്കി കുച്ച് ബിഹാറിലെ ബക്ഷിർഹട്ട് വഴിയാണ് ന്യായ് യാത്ര ബംഗാളിൽ പ്രവേശിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്ററാണ് സഞ്ചരിക്കുക.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.