ന്യൂഡൽഹി: ശീതകാല പാർലെമൻറ് സമ്മേളനം വിളിക്കാൻ വൈകിപ്പിക്കുന്ന സർക്കാറിനെതിരെ കോൺഗ്രസ്. അതേസമയം, ഡിസംബറിൽ പാർലെമൻറ് സമ്മേളിക്കുമെന്നും തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സർക്കാർ.
റാഫേൽ പോർവിമാന ഇടപാടിലെ ക്രമക്കേട്, ധിറുതിപിടിച്ച് ജി.എസ്.ടി നടപ്പാക്കിയതു വഴിയുള്ള പ്രയാസങ്ങൾ, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്തെ പാർലമെൻറ് സമ്മേളനം സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതെന്ന് കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ആനന്ദ് ശർമ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സർക്കാർ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് യന്ത്രം മാത്രമായി. പാർലമെൻറിലെ ചർച്ച ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സർക്കാർ ഭയക്കുകയാണ്. പാർലമെൻറിനെ മറികടക്കാനും അട്ടിമറിക്കാനും വഞ്ചിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണിത്. സ്രഷ്ടാവാണ് താനെന്ന മട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. പാർലമെൻറ് എന്നു നടക്കുമെന്ന് അദ്ദേഹത്തിന് മാത്രമറിയാം. അഴിമതിയും പരാജയവും ചർച്ചയാകാതെ, പാർലമെൻറിൽനിന്ന് ഒളിച്ചോടുകയാണ് സർക്കാർ ചെയ്യുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ശീതകാല സമ്മേളനം ഡിസംബറിൽ വിളിക്കുമെന്ന് പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ പറഞ്ഞു. എന്നാൽ, തീയതികൾ അദ്ദേഹം വ്യക്തമാക്കിയില്ല. നവംബർ മൂന്നാം വാരം തുടങ്ങേണ്ട പാർലമെൻറ് സമ്മേളനം ഇക്കുറി ഡിസംബർ പകുതിയോടെ തുടങ്ങി 10 ദിവസം മാത്രം നീളുന്ന ഒന്നായി മാറുമെന്നാണ് സൂചനകൾ. ഡിസംബർ 14നാണ് ഗുജറാത്തിൽ അവസാനഘട്ട വോെട്ടടുപ്പ്. പ്രചാരണം 12ന് കഴിയും. അതു കഴിഞ്ഞാൽ 13നുതന്നെ സമ്മേളനം തുടങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.