ന്യൂഡൽഹി: ഇനി ആരാണ് കോൺഗ്രസിനെ നയിക്കുകയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിച്ചേക്കും. ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബരം ഇന്ന് സമാപിക്കും. നിർണ്ണായകമായ പ്രഖ്യാപനം ഇന്നുണ്ടാകും. കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയ നിലപാടും, സംഘടനയുടെ അജണ്ടയുമാണ് സമ്മേളനം അവതരിപ്പിക്കുക.
ചിന്തൻ ശിബിരവുമായി ബന്ധപ്പെട്ട് രൂപവൽകരിച്ച ആറ് സമിതികളുടെ അധ്യക്ഷമാരുമായി സമാപന ദിവസമായ ഇന്ന് സോണിയ ഗാന്ധി ചർച്ച നടത്തും. തുടർന്ന് കരട് പ്രമേയമങ്ങൾ പ്രവർത്തക സമിതി വിലയിരുത്തി അന്തിമ രൂപമാക്കും. പ്രവർത്തക സമിതിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. പിന്നീട് തീരുമാനങ്ങൾ ഉദയ്പൂർ പ്രഖ്യാപനമായി പരസ്യപ്പെടുത്താനാണ് തീരുമാനം.
നേതൃമാറ്റം സജീവചർച്ചയാണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള അംഗമെത്തണമെന്ന നിലയിൽ തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത്. പ്രിയങ്കയോ രാഹുലോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്. അത്തരത്തിൽ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന തരത്തിൽ രാഹുലിന്റെ ഭാഗത്ത് നിന്നും കടുംപിടിത്തമുണ്ടായാൽ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്നാണ് ചിന്തൻ ശിബിരത്തിൽ നേതാക്കൾ പറയുന്നത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രിയങ്കാ ഗാന്ധി യോഗ്യയാണെന്ന് ചിന്തൻ ശിബിരത്തിൽ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയുടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ പ്രിയങ്കക്ക് നൽകണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഉത്തർപ്രദേശിൽ മാത്രമായി ഒതുക്കാതെ ദേശീയ തലത്തിൽ പ്രിയങ്കക്ക് ഭാരവാഹിത്വം നൽകണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നേരത്തെ യു.പിയിലും മറ്റും നടന്ന പ്രശ്നങ്ങളിൽ പ്രിയങ്ക നടത്തിയ ഇടപെടലുകൾ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുൾപ്പെടെ കണക്കിലെടുത്താണ് പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന അഭിപ്രായമുയര്‍ന്നത്. ചിന്തൻ ശിബിരത്തിൽ നേതൃമാറ്റ ആവശ്യമുയരുമ്പോഴും അധ്യക്ഷ പദവിയിലേക്ക് രാഹുൽ, പ്രിയങ്ക, സോണിയ എന്നിവരിൽമാത്രം ഒതുങ്ങിയ ചര്‍ച്ചകളിൽ ചിലർ അസംതൃപ്തരാണ്.
അതേ സമയം, കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടാകാതെ പോയതിന്റെ നിരാശയിലാണ് പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ കഠിനാധ്വാനം ചെയ്തിട്ടും പ്രയോജനമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ പൂർണ പിന്തുണ കിട്ടിയില്ലെന്നും ചിന്തൻ ശിബിരത്തിൽ പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരിക്കയാണ്. കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം ചിന്തൻ ശിബരത്തിലെ തീരുമാനം നിർണ്ണായകമാണ്. ഭാവി നിർണയിക്കാൻ പോകുന്ന തീരുമാനങ്ങളെടുക്കുന്ന സമ്മേളനം എന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.