ചെന്നൈ: എറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് നിയമസഭ സീറ്റ് വിഭജന ചർച്ചകൾ ഡി.എം.കെയും കോൺഗ്രസും പൂർത്തിയാക്കി. 25 നിയമസഭ സീറ്റുകളിലും കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കും.
സീറ്റ് ചർച്ചക്കിടെ മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയെ ഡി.എം.കെ അധ്യക്ഷൻ അപമാനിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരി വ്യക്തമാക്കി.
'സീറ്റ് വിഭജനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വഭാവികമാണ്. എല്ലാ തർക്കങ്ങളും പരിഹരിച്ചു. സഖ്യം മികച്ച വിജയം നേടും. രാജ്യത്തിന്‍റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിട്ടുവീഴ്ച ചെയ്തത്. ഡി.എം.കെയുമായി ഉണ്ടാക്കിയിരിക്കുന്നത് മതേതരസഖ്യമാണ്. ബി.ജെ.പിക്ക് എതിരായ സന്ദേശം നൽകാനാണ് ഈ സഖ്യം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഡി.എം.കെ സഖ്യത്തിൽ തുടരേണ്ടത് അനിവാര്യമാണ്' -അഴഗിരി വ്യക്തമാക്കി.
കഴിഞ്ഞ തവണ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് എട്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ഇത്തവണ അവർ 35 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 22 സീറ്റേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു ഡി.എം.കെ.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസ് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയത് ആർ.ജെ.ഡിക്ക് ഭരണം നഷ്ടമാകാൻ ഇട വന്നിരുന്നു. അതോടൊപ്പം പുതുച്ചേരിയിലടക്കം എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡി.എം.കെ കടുത്ത നിലപാടെടുത്തത്.
ഇതോടെ സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കണമെന്ന് കോൺഗ്രസിലും മുറുമുറുപ്പ് ഉയർന്നു. ഇതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ട് ഉമ്മൻചാണ്ടിയെ പ്രത്യേക ദൗത്യവുമായി തമിഴ്നാട്ടിലേക്കയച്ചത്.
സീറ്റ് വിഭജന ചർച്ചക്കിടെ സ്റ്റാലിൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുവെന്നും ഇതേതുടർന്ന് അഴഗിരി പാർട്ടി നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. വെള്ളിയാഴ്ച കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. സീറ്റിന്‍റെ എണ്ണത്തേക്കാൾ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയോടുള്ള ഡി.എം.കെ അധ്യക്ഷന്‍റെ സമീപനമാണ് തന്നെ വേദനിപ്പിച്ചതെന്ന് സീറ്റ് ചർച്ചയ്ക്ക് ശേഷം അഴഗിരി വ്യക്തമാക്കിയിരുന്നു.
വിഷയം ശ്രദ്ധയിൽ പെട്ട രാഹുൽ ഗാന്ധി അഴഗിരിയുമായി ഫോണിൽ ബന്ധപ്പെടുകയും തരക്കേടില്ലാത്ത സീറ്റുകൾ മുന്നണിയിൽ നിന്ന് വാങ്ങിയെടുക്കണമെന്നും നിർദേശം നൽകുകയായിരുന്നു.
മുസ്‌ലിംലീഗിന് മൂന്നു സീറ്റും മനിതേയ മക്കൾകച്ചിക്ക് രണ്ടു സീറ്റും നൽകാൻ നേരത്തെ ധാരണയായിരുന്നു. സിപിഐ, എംഡിഎംകെ, വികെസി കക്ഷികൾ ആറു വീതം സീറ്റിൽ മത്സരിക്കും. ഏപ്രിൽ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.