ചണ്ഡീഗഡ്: ഹരിയാനയിൽ രാജ്യസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് വോട്ടുമറിച്ച എം.എൽ.എ കുൽദീപ് ബിഷ്ണോയിയെ പുറത്താക്കി കോൺഗ്രസ്. പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് കുൽദീപ് ബിഷ്ണോയ്. ഹരിയാനയിൽ വിജയിക്കാവുന്ന രാജ്യസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ പരാജയപ്പെട്ടിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ഥിയായ കൃഷന്‍ പന്‍വാറും ബി.ജെ.പി-ജെ.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ മേധാവിയുമായ കാര്‍ത്തികേയ ശര്‍മയുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗം കാലുവാരിയതോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, കാർത്തികേയ ശര്‍മയോട് പരാജയപ്പെടുകയായിരുന്നു.
വിജയിച്ചുവെന്ന പ്രതീക്ഷയിൽ തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ, ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ അജയ് മാക്കൻ പരാജയപ്പെടുകയായിരുന്നു.
കുൽദീപ് ബിഷ്ണോയ് തങ്ങൾക്ക് വോട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടാർ പറഞ്ഞിരുന്നു. ബി.ജെ.പിയുടെ തത്വങ്ങളിലും നയങ്ങളിലും ബിഷ്ണോയ് വിശ്വാസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും ഖട്ടാർ പറഞ്ഞു.
കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എമാരെ ഛത്തീസ്ഗഢിലെ റിസോർട്ടിൽ താമസിപ്പിച്ച ശേഷമാണ് വോട്ടിങ്ങിനായി കൊണ്ടുവന്നത്. എന്നിട്ടും എം.എൽ.എ വോട്ട് മറിച്ചത് കോൺഗ്രസിന് വലിയ ആഘാതമാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.