ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തകർച്ചക്ക് പിന്നാലെ കോൺഗ്രസിൽ ശക്തമായ ചേരിതിരിവ്. നെഹ്റുകുടുംബം നയിക്കണമെന്ന് പ്രവർത്തക സമിതി തീരുമാനിച്ചതിന് പിന്നാലെ, നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 സംഘം പ്രത്യേകമായി യോഗം ചേർന്നു. അതേസമയം, തിരുത്തൽവാദികൾ ഉയർത്തുന്ന വെല്ലുവിളി വകവെക്കാതെ ഔദ്യോഗിക പക്ഷം.
ഗുലാംനബി ആസാദിന്റെ വസതിയിൽ നടന്ന ജി-23 സംഘത്തിന്റെ അത്താഴവിരുന്ന് ചർച്ചയിൽ പങ്കെടുത്തവരിൽ കേരളത്തിൽനിന്ന് ശശി തരൂർ, പി.ജെ കുര്യൻ എന്നിവരും ഉൾപ്പെടുന്നു. കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർസിങ് ഹൂഡ, മണിശങ്കരയ്യർ, പൃഥ്വിരാജ് ചവാൻ, അഖിലേഷ് പ്രസാദ് സിങ്, രാജ് ബബ്ബാർ തുടങ്ങിയവരാണ് മറ്റുള്ളവർ.
അഞ്ച് എം.പിമാർ അടക്കം 16 പേരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ വികാരം അറിയിക്കാൻ ഗുലാംനബി ആസാദ് അടുത്ത ദിവസം സോണിയ ഗാന്ധിയെ കണ്ടേക്കും. കോൺഗ്രസിൽ നേതൃമാറ്റമടക്കം സമ്പൂർണ പൊളിച്ചുപണി ആവശ്യപ്പെട്ട് 2020ൽ സോണിയഗാന്ധിക്ക് കത്തെഴുതിയവരുടെ പട്ടികയിൽ തരൂർ ഉണ്ടായിരുന്നു. എന്നാൽ നേതൃത്വത്തെ പിന്താങ്ങുന്നവർക്കോ തിരുത്തൽ വാദികൾക്കോ ഒപ്പമില്ലെന്ന മട്ടിൽ പിന്നീടുനിന്ന തരൂർ യോഗത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
'എന്റെ പിഴവുകളിൽ നിന്ന് ഒരുപാട് പഠിച്ചു. ഇനിയും കുറച്ചു കൂടി ചെയ്യാമെന്നാണ് വിചാരിക്കുന്നത്' -യോഗത്തിലേക്ക് എത്തുന്നതിനു മുമ്പ് തരൂരിന്റെ ട്വിറ്റർ കുറിപ്പ് അങ്ങനെയായിരുന്നു. ഹൈകമാൻഡിന്റെ വിശ്വസ്തനായി നിന്ന രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യന്റെ ഡൽഹി യാത്ര പ്രധാനമായും ഈ യോഗത്തിൽ പങ്കെടുക്കാനായിരുന്നു.
അടിക്കടി യോഗം നടത്തി കോൺഗ്രസ് പൊളിക്കാനാണ് ജി23 നേതാക്കൾ ശ്രമിക്കുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പ്രവർത്തകസമിതി ചേർന്ന് എല്ലാ കാര്യങ്ങളും ചർച്ച ചെയ്തതാണ്. അതിനുശേഷവും ഇവർ യോഗം ചേരാനാണ് തീരുമാനിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദുർബലപ്പെടുത്താൻ ആർക്കും കഴിയില്ല. അവർ ഒരു നൂറുയോഗം നടത്തട്ടെ. തെരുവിൽ തുടങ്ങി ഡൽഹി വരെ കോൺഗ്രസ് പാർട്ടി സോണിയ ഗാന്ധിക്കൊപ്പമുണ്ട്. ഇക്കൂട്ടർ യോഗവും പ്രസംഗവും തുടർന്നുകൊണ്ടിരിക്കും. പ്രവർത്തകസമിതി ചർച്ച ചെയ്ത കാര്യങ്ങളിൽ എല്ലാ നടപടിയും സ്വീകരിച്ചുവരുകയാണ് സോണിയയെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസ് നേരിടുന്നത് നേതൃത്വ പ്രതിസന്ധിയല്ല, ആശയ പ്രതിസന്ധിയാണെന്ന് ഹൈകമാൻഡിനെ പിന്തുണക്കുന്ന മുൻമന്ത്രി സൽമാൻ ഖുർശിദ് പറഞ്ഞു. പാർട്ടിയിൽ നിന്ന് ഒരുപാട് നേടിയ ശേഷം പരാതി പറയുന്നത് സങ്കടകരമാണ്. കോൺഗ്രസിനെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്ന ഘടകം നെഹ്റുകുടുംബമാണ്. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സാധ്യമായ ഏറ്റവും നല്ല നേതൃത്വവും അതാണ്. ആഗസ്റ്റിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റാകാൻ രാഹുൽ ഗാന്ധി സമ്മതിക്കുമെന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പൊടുന്നനെ നെഹ്റുകുടുംബം നയിക്കാൻ കൊള്ളില്ലെന്ന് തോന്നുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.