ന്യൂഡൽഹി: ദൈവത്തിനും ശങ്കരാചാര്യന്മാർക്കും ഹിന്ദുധർമത്തിനും മുകളിലാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി? ഇത്രമേൽ അധികാരം പ്രയോഗിക്കാൻ ആരാണ് താങ്കൾ? -കോൺഗ്രസ് വക്താക്കളായ പവൻഖേര, സുപ്രിയ ഷ്റിനാറ്റെ എന്നിവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ സനാതന ധർമം അനുസരിച്ച് നടക്കേണ്ടതാണെന്നും അത് രാഷ്ട്രീയ പരിപാടിയാക്കിയെന്നും ചൂണ്ടിക്കാട്ടിയത് രാജ്യത്തെ പ്രമുഖരായ നാലു ശങ്കരാചാര്യന്മാരാണ്. ചടങ്ങിന്റെ നായകറോൾ ഏറ്റെടുത്തിരിക്കുകയാണ് മോദി. രാഷ്ട്രപതി മുതൽ മന്ത്രിസഭാംഗങ്ങൾ വരെയുള്ള ആർക്കും റോളില്ല. 140 കോടി ജനങ്ങൾക്കുവേണ്ടി 11 ദിവസത്തെ അനുഷ്ഠാനം മോദി പ്രഖ്യാപിച്ചിരിക്കുന്നു. അത് ആരാണ് മോദിയെ ഏൽപിച്ചത്? -കോൺഗ്രസ് വക്താക്കൾ ചോദിച്ചു.
ദൈവത്തിനും വിശ്വാസിക്കുമിടയിൽ മധ്യസ്ഥന്റെ ആവശ്യമില്ല. മതവിശ്വാസം വ്യക്തിപരമായ വിഷയമാണ്. ആരാധനാലയത്തിലേക്ക് ആരും ക്ഷണിക്കേണ്ട കാര്യമില്ല. വിശ്വാസമുള്ളവർക്ക് എപ്പോഴും പോകാം.
എന്നാൽ വിശ്വാസത്തിന്റെ കരാറുകാരനും ധർമഗുരുവുമായി മോദി സ്വയം ചമയുകയാണ്. വിശ്വാസാനുഷ്ഠാനങ്ങൾ ആത്മീയ നേതാക്കൾക്ക് വിട്ടുകൊടുക്കണം. സന്യാസിമാരുടെ റോൾ ബി.ജെ.പിയും മോദിയും ഏറ്റെടുക്കേണ്ടതില്ല. ‘രാമരാജ്യ’ത്തിൽ തൊഴിലെവിടെ എന്ന ചോദ്യത്തിനാണ് മോദി ഉത്തരം പറയേണ്ടത്.
22ന് മോദിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠ നടത്തുന്നതുകൊണ്ടാണ് ക്ഷണം കോൺഗ്രസ് നേതാക്കൾ നിരസിച്ചത്. മറ്റു ദിവസങ്ങളിൽ പോകുന്നവരെ എതിർക്കുന്നില്ല. യു.പിയിലെ പി.സി.സി നേതാക്കൾ മകര സംക്രാന്തി ദിനത്തിൽ അയോധ്യയിൽ പോകുന്നുണ്ട്. ആരും എതിർക്കുന്നില്ല. ഒരാളുടെ വിശ്വാസത്തിൽ ഇടപെടാൻ മറ്റുള്ളവർക്ക് എന്തു കാര്യം? -പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.