ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും പ്രവചിക്കുന്നത്. ചില സർവേകൾ കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകുന്നു. രാജസ്ഥാനിൽ കോൺഗ്രസിന്റെ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമാകുമെന്നും ബി.ജെ.പി ഭരണം പിടിക്കുമെന്നും സർവേകൾ പറയുന്നു. പക്ഷേ ഛത്തീസ്ഗഢിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങൾ. മിസോറാമിൽ എം.എൻ.എഫ്, സെഡ്.പി.എം പാർട്ടികൾക്കാണ് സർവേകളിൽ മുൻതൂക്കം.
ജൻ കി ബാത്തിന്റെ എക്സിറ്റ് പോൾ പ്രകാരം മധ്യപ്രദേശിൽ 102 മുതൽ 125 സീറ്റുകൾ വരെ കോൺഗ്രസ് നേടും. 100 മുതൽ 123 സീറ്റുകൾ വരെയായിരിക്കും ബി.ജെ.പി ലഭിക്കുക. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ സർവേ പ്രകാരം 111 മുതൽ 121 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമ്പോൾ 106 മുതൽ 116 വരെ സീറ്റുകളായിരിക്കും ബി.ജെ.പിക്ക് ലഭിക്കുക. അതേസമയം, മാട്രൈസിന്റെ സർവേ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 118 മുതൽ 130 സീറ്റുകൾ വരെ വോട്ടുകൾ നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സർവേ പ്രവചിക്കുന്നു.
രാജസ്ഥാനിൽ ജൻ കീ ബാത്തിന്റേയും ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റേയും സർവേകൾ ബി.ജെ.പിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. 100 മുതൽ 122 സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമ്പോൾ കോൺഗ്രസ് 62 മുതൽ 85 സീറ്റുകളിൽ ഒതുങ്ങും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ പ്രവചനപ്രകാരം 100 മുതൽ 110 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമ്പോൾ 90 മുതൽ 100 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കും.
ഛത്തീസ്ഗഢിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എ.ബി.പി ന്യൂസ്-സി വോട്ടർ സർവേ പ്രകാരം 36 മുതൽ 48 വരെ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കും. 41 മുതൽ 53 സീറ്റുകൾ വരെയാണ് കോൺഗ്രസിന് ലഭിക്കുക. ഇൻഡ്യ ടുഡേ-ആക്സിസ് മൈ ഇൻഡ്യ സർവേ 36 മുതൽ 46 വരെ സീറ്റുകളിൽ ബി.ജെ.പി വിജയം പ്രവചിക്കുമ്പോൾ 40 മുതൽ 50 വരെ സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് വ്യക്തമാക്കുന്നു.
മിസോറാമിൽ ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ മിസോ നാഷണൽ ഫ്രണ്ടിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. 14 മുതൽ 18 വരെ സീറ്റുകൾ എം.എൻ.എഫിന് ലഭിക്കും. സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടിക്ക് 12 മുതൽ 16 വരെ സീറ്റുകൾ ലഭിക്കും. കോൺഗ്രസിന് പരമാവധി 10 സീറ്റായിരിക്കും ലഭിക്കുക. ജൻ കീ ബാത്തിന്റെ സർവേ സോറം പീപ്പിൾസ് മൂവ്മെന്റിനാണ് നേരിയ മുൻതൂക്കം പ്രവചിക്കുന്നത്. 15 മുതൽ 25 സീറ്റുകൾ വരെയാവും സോറം പീപ്പിൾസ് മൂവ്മെന്റ് നേടുക. മിസോ നാഷണൽ ഫ്രണ്ട് 10 മുതൽ 14 സീറ്റുകളിൽ വിജയിക്കുമ്പോൾ കോൺഗ്രസ് അഞ്ച് മുതൽ ഒമ്പത് സീറ്റിലൊതുങ്ങും ബി.ജെ.പിക്കും പൂജ്യം മുതൽ രണ്ട് സീറ്റ് വരെയായിരിക്കും ലഭിക്കുക.
തെലങ്കാനയിൽ ബി.ആർ.എസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ പ്രകാരം ബി.ആർ.എസിന് പരമാവധി 47 സീറ്റുകൾ ലഭിക്കുമ്പോൾ 79 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടും.
ജൻ കീ ബാത്തിന്റെ സർവേ പ്രകാരം 48 മുതൽ 64 സീറ്റുകൾ വരെ നേടി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തും. ബി.ആർ.എസ് 40 മുതൽ 55 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകൾ ലഭിക്കുമ്പോൾ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകൾ വരെ കിട്ടും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ സർവേയും തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. 59 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രചവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.