കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ സമരം, അഗ്നിവീർ പദ്ധതി, ഭരണവിരുദ്ധ വികാരം തുടങ്ങിയ വിഷയങ്ങളെല്ലാം ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂല ഘടകമായിരിക്കെ പാർട്ടിക്കുള്ളിലെ പോരിൽ കുരുങ്ങി കോൺഗ്രസ്. 2019ൽ അധികാരത്തിലെത്താനുള്ള സാധ്യത ഇല്ലാതാക്കിയതിൽ മുഖ്യപങ്ക് ആഭ്യന്തര കലഹമായിരുന്നു. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് തീവ്രപരിശ്രമത്തിലാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ 10ൽ അഞ്ച് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ പൊതുതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വോട്ട് വിഹിതം അനുസരിച്ച് കോൺഗ്രസിനാണ് മുൻതൂക്കം. എന്നാൽ, സീറ്റ് ഭാഗം വെക്കുന്നതിനെ ചൊല്ലി പ്രതിപക്ഷ നേതാവും ജാട്ട് വിഭാഗക്കാരനുമായ ഭൂപീന്ദർ സിങ് ഹൂഡയും മുൻ പി.സി.സി അധ്യക്ഷയും ദലിത് നേതാവുമായ കുമാരി ഷെൽജയും രണ്ട് തട്ടിലാണ്.
ഹൂഡ സംഘം ഭൂരിപക്ഷം സീറ്റുകളും പിടിച്ചെടുത്തുവെന്ന് മാത്രമല്ല തന്റെ ഏറ്റവും അടുത്ത അനുയായി ഡോ. അജയ് ചൗധരിക്ക് സീറ്റ് നിഷേധിച്ചതും ഷെൽജയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്. 90 സീറ്റിൽ ഷെൽജയുമായി അടുപ്പമുള്ള 11 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. സംവരണ മണ്ഡലങ്ങളിൽപോലും തന്റെ നിർദേശം പരിഗണിക്കാൻ ഹൂഡ അനുവദിച്ചില്ല.
കോൺഗ്രസ് നേതാവിന്റെ അകൽച്ച മുതലെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി. നഡ്ഡ തുടങ്ങി നീണ്ട നിരയാണ് ഷെൽജയെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നത്. 2019 തെരഞ്ഞെടുപ്പിൽ ഹൂഡ സീറ്റുകളെല്ലാം കുത്തകയാക്കിയതോടെ മുൻ പി.സി.സി അധ്യക്ഷനും ദലിത് നേതാവുമായിരുന്ന അശോക് തൻവാർ ബി.ജെ.പിയിലേക്ക് പോയിരുന്നു. ഷെൽജയും ഇതേമാർഗം പിന്തുടരുമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ. എന്നാൽ, ബി.ജെ.പി ക്ഷണത്തിൽ തുടക്കത്തിൽ മൗനം പാലിച്ച കുമാരി ഷെൽജ, തന്റെ രക്തം കോൺഗ്രസിന്റെതാണെന്നും മരണം വരെ പാർട്ടി വിടില്ലെന്നും മറുപടി നൽകി. തങ്ങളുടെ പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് ആരോപിച്ച അവർ, സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. സമീപകാലത്ത് ദലിത് രാഷ്ട്രീയം ശക്തമായി ഉയർത്തിവരുന്ന രാഹുൽ ഗാന്ധിക്കും ഷെൽജയെ അവഗണിക്കുന്നതിൽ കടുത്ത എതിർപ്പുണ്ട്. ഹരിയാനയില്‍ 27 ശതമാനമാണ് ജാട്ട് വോട്ടുകള്‍. 40 സീറ്റുകളിലധികം നിർണായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇക്കാരണങ്ങൾകൊണ്ട് തന്നെ ജാട്ട് വിഭാഗത്തിൽ നിർണായക സ്വാധീനമുള്ള ഭൂപീന്ദറിനെ തൊട്ടുകളിക്കാൻ ഹൈകമാൻഡിനും പരിമിതികളേറെയാണ്. ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാർട്ടിയിലെത്തിച്ച് സ്ഥാനാർഥിയാക്കാനായതും ഹൂഡക്ക് പാർട്ടിയിൽ കൂടുതൽ ആധിപത്യം വർധിപ്പിക്കാനായി.
അതേസമയം, സീറ്റ് നിർണയത്തിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കോൺഗ്രസ് നൽകിയിട്ടുണ്ട്. മേവാത്ത്, ഉത്തര ഹരിയാന ഭാഗങ്ങളിലായി മുസ്ലിം വിഭാഗത്തിൽനിന്ന് അഞ്ചുപേരെയും സ്ഥാനാർഥികളാക്കി. സ്ത്രീ ശാക്തീകരണം, കർഷക അഭിവൃദ്ധി, സാമൂഹിക സുരക്ഷ, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കൽ, പാവപ്പെട്ടവർക്ക് പാർപ്പിടം, പിന്നാക്ക വിഭാഗങ്ങളുടെ അവകാശം ഉറപ്പാക്കൽ എന്നീ ഏഴ് ഗാരന്റികൾ വാഗ്ദാനം ചെയ്താണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.