ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. അതീവ ഗൗരവമുളള വിഷയത്തിൽ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചന നടത്തുമെന്നാണ് പ്രതീക്ഷയെന്നും ജയ്റാം രമേശ് എക്സിലൂടെ വ്യക്തമാക്കി.
'ഇന്ത്യ-കാനഡ ബന്ധം സംബന്ധിച്ച അതീവ തന്ത്രപ്രധാനവും നിർണായകവുമായ വിഷയത്തിൽ പാർലമെന്‍റ് ഇരുസഭകളിലെ പ്രതിപക്ഷ നേതാക്കളെയും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ' -ജയ്റാം രമേശ് വ്യക്തമാക്കി.
കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയിരുന്നു. കനേഡിയൻ ആക്ടിങ് ഹൈകമീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈകമീഷണർ പാട്രിക് ഹെബേർട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെയാണ് പുറത്താക്കിയത്.
അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. നേരത്തെ, ജസ്റ്റിൻ ട്രൂഡോ സർക്കാറിൽ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചു വിളിച്ചിരുന്നു.
'തീവ്രവാദത്തിന്‍റെയും അക്രമത്തിന്‍റെയും അന്തരീക്ഷത്തിൽ ട്രൂഡോ സർക്കാറിന്‍റെ നടപടികൾ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ അപകടത്തിലാക്കുകയാണ്. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള കനേഡിയൻ സർക്കാറിന്‍റെ പ്രതിബദ്ധതയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അതിനാൽ, ഹൈകമീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ച് വിളിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്' -വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണറെ ഉൾപ്പെടുത്തിയതാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. നിജ്ജാർ വധത്തിലെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണർ സഞ്ജയ് വര്‍മയെ ഉൾപ്പെടുത്തിയ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.