തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സംഗീത സംവിധായകനായ ഇളയരാജയുടെ മകനായ യുവൻ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. സൗത്ത് ഇന്ത്യയിലെ വളരെ പ്രോമിസിങ്ങായ സംഗീത സംവധായകനാണ് യുവനും. 2014ലായിരുന്നു യുവൻ ഇസ്ലാം മതം സ്വീകരിച്ചത്. എന്തുകൊണ്ടാണ് താൻ മതം മാറിയതെന്ന് പറയുകയാണ് യുവനിപ്പോൾ. താൻ അവസാനം സംഗീതമൊരുക്കിയ വിജയ് ചിത്രം ഗോട്ടിന്‍റെ വിജയത്തിന് പിന്നാലെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.
നാല് വർഷം കരിയറിൽ നിന്നും വിട്ട് നിന്ന യുവൻ എവിടെയായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് അമ്മയുടെ മരണത്തിന് ശേഷം താൻ ഒരു ലോസ്റ്റ് ചൈൽഡ് ആയി മാറിയെന്നും വിവിധ അന്വേഷണത്തിലായിരുന്നെന്നും ഇതിലൂടെ സ്വയം പഠിക്കുകയായിരുന്നെന്നും യുവൻ പറഞ്ഞു.
'അമ്മയുടെ മരണ ശേഷം ഞാൻ ഒരു ലോസ്റ്റ് ചൈൽഡ് ആയി മാറി. അവരെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് സ്വപ്‌നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത്? അവർ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ്? എന്നുള്ള അന്വേഷണം ഞാൻ നടത്തി. അത് എന്നെ പൂർണമായും വേട്ടയാടുന്നുണ്ടായിരുന്നു. അമ്മയുടെ അകാലമരണത്തിന് പിന്നാലെ ഞാൻ തികഞ്ഞ മദ്യപാനിയായി മാറിയിരുന്നു. അതിന് മുമ്പ് ഞാൻ പാർട്ടികൾക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. പെട്ടന്ന് ഒരുനാൾ എനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാൾ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്‌ലാമാണ്,' യുവൻ പറഞ്ഞു.
ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തന്നെ തടഞ്ഞിരുന്നില്ലെന്നും ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്നും യുവൻ പറഞ്ഞു. 2015 ൽ വിവാഹത്തിന് പിന്നാലെയാണ് താൻ ഇസ്‌ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതൽ അബ്ദുൾ ഹാലിഖ് ആയിരിക്കുമെന്നും യുവൻ പ്രഖ്യാപിച്ചത്. എന്നാൽ സംഗീത രംഗത്ത് തന്റെ പ്രൊഫഷണൽ പേരായ യുവൻ ശങ്കർ രാജ എന്ന് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.