മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ഹിരാമൻ ഭിക ഖോസ്കർ, അജിത് പവാറിന്‍റെ എൻ.സി.പിയിൽ ചേർന്നു. കോൺഗ്രസിന്‍റെ മുൻ ജില്ലാ പരിഷത് അംഗം സമ്പത് നാനാ സകാലെ ഉൾപ്പെടെയുള്ള ഖോസ്കറുടെ ഏതാനും വിശ്വസ്തരും തിങ്കളാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ വീട്ടിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു.
എൻ.സി.പി സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കരെ പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഖോസ്കറുടെ കൂടുമാറ്റം നാസിക് മേഖലയിൽ പാർട്ടിക്ക് കരുത്താകുമെന്നാണ് എൻ.സി.പി കണക്കാക്കുന്നത്. മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് പ്രത്യേക സ്വാധീനമുണ്ടെന്ന് പാർട്ടി എക്സിൽ കുറിച്ചു.
അതേസമയം സംസ്ഥാനത്തെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. ഭരണകക്ഷിയായ മഹായുതി സഖ്യവും (ബി.ജെ.പി, ശിവസേന -ഷിൻഡെ വിഭാഗം, എൻ.സി.പി -അജിത് പവാർ വിഭാഗം) മഹാവികാസ് അഘാഡിയും (കോൺഗ്രസ്, ശിവസേന -ഉദ്ധവ് താക്കറെ വിഭാഗം, എൻ.സി.പി -ശരദ് പവാർ വിഭാഗം) തമ്മിൽ ശക്തമായി മത്സരമാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.