നിജ്ജാർ വധം: ഇന്ത്യക്കെതിരെ ഉപരോധ നീക്കവുമായി കാനഡ

ഒട്ടാവ: നിജ്ജാർ വധത്തിൽ നയതന്ത്രം ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കെതിരെ ഉപരോധ നീക്കവുമായി കാനഡ. ഇന്ത്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കാനഡ വ്യക്തമാക്കി. നിജ്ജാർ വധക്കേസിൽ തൽകാലം ഇന്ത്യയുടെ സഹകരണം തേടും. അമേരിക്കയും യു.കെയും അടക്കമുള്ള സഖ്യകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കിയതായി രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവകളുണ്ടെന്ന് ട്രൂഡോ പറഞ്ഞു. കൊലപാതകമോ കൊള്ളയടിക്കലോ ആകട്ടെ, കനേഡിയൻ മണ്ണിൽ പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചുവെന്നും ഇത് അസ്വീകാര്യമാണെന്നും ജസ്റ്റിൻ ട്രൂഡോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'കഴിഞ്ഞ വർഷത്തെ സംഭവങ്ങളും ഇന്നത്തെ വെളിപ്പെടുത്തലുകളും ഇൻഡോ-കനേഡിയൻ പൗരന്മാർ അടക്കമുള്ളവരിലും സിഖ് വിഭാഗത്തിലും ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾക്കുള്ള ദേഷ്യം, അസ്വസ്ഥത, ഭയം എന്നിവ എനിക്ക് മനസ്സിലായി. ഇത് സംഭവിക്കാൻ പാടില്ല. കാനഡയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം, ബിസിനസ്, വ്യാപാരം എന്നിവക്ക് നീണ്ട ചരിത്രമുണ്ട്. എന്നാൽ, ഇപ്പോഴുള്ള കാര്യങ്ങൾ നമുക്ക് അംഗീകരിക്കാനാവില്ല. കാനഡ ഇന്ത്യയുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും പൂർണമായി മാനിക്കുന്നു. കാനഡക്കായി ഇന്ത്യൻ ഭരണകൂടവും ഇത് ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തതായി തോന്നുന്നവർക്ക് അത് ഉറപ്പ് നൽകേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്' -ട്രൂഡോ വ്യക്തമാക്കി.

കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായിരിക്കെ ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കനേഡിയൻ ആക്ടിങ് ഹൈകമീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈകമീഷണർ പാട്രിക് ഹെബേർട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെയാണ് പുറത്താക്കിയത്.

അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയൻ അധികൃതരും അറിയിച്ചു. നേരത്തെ, ജസ്റ്റിൻ ട്രൂഡോ സർക്കാറിൽ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചു വിളിച്ചിരുന്നു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണറെ ഉൾപ്പെടുത്തിയതാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. നിജ്ജാർ വധത്തിലെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണർ സഞ്ജയ് വര്‍മയെ ഉൾപ്പെടുത്തിയ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - Nijjar murder: Canada moves sanctions against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.