ഭോപാൽ: നിരന്തരം ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന സ്റ്റാൻഡ്അപ് കൊമേഡിയൻമാരായ കുനാൽ കമ്രയെയും മുനവർ ഫാറൂഖിയെയും ഭോപാലിലേക്ക് പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ബംഗളൂരുവിൽ പരിപാടി അവതരിപ്പിക്കാൻ ഇരുവർക്കും അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ക്ഷണം.
'ഭോപാലിൽ കുനാലിനും മുനവറിനും വേണ്ടി ഒരു ഷോ സംഘടിപ്പിക്കും. എല്ലാ ഉത്തരവാദിത്തവും എേന്റതായിരിക്കും. കോമഡിയുടെ വിഷയം ദിഗ്വിജയ് സിങ് ആയിരിക്കും എന്നത് മാത്രമാണ് നിബന്ധന. സംഘികൾ (ആർ.എസ്.എസ് കേഡർ) ഇതിനെ എതിർക്കേണ്ടതില്ല. പേടിക്കണ്ട. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് സമയവും തീയതിയും നൽകുക. നിങ്ങളുടെ എല്ലാ നിബന്ധനകളും അംഗീകരിക്കപ്പെട്ടിരിക്കുന്നു' -ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. കുനാൽ കമ്രയുമായി ബന്ധപ്പെട്ട ഒരു േലഖനവും ട്വീറ്റിൽ പങ്കുവെച്ചു.
ഹിന്ദുത്വവാദികളുടെ ആക്രമണത്തെ തുടർന്ന് കുനാൽ കമ്രയുടെയും മുനവർ ഫാറൂഖിയുടെയും നിരവധി ഷോകളാണ് റദ്ദാക്കിയത്. ബംഗളൂരുവിലെ ഷോയും റദ്ദാക്കിയതിന് പിന്നാലെ മുനവർ ഫാറൂഖി സ്റ്റാൻഡ് അപ് കോമഡി ഷോ അവതരണം നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെയും ബി.ജെ.പിയുടെയും നിരന്തര വിമർശകരാണ് ഇരുവരും.
ഹിന്ദുത്വ വിമർശനത്തിന്‍റെ പേരിൽ മുനവർ ഫാറൂഖി ഈ വർഷം ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ബി.ജെ.പി എം.എൽ.എയുടെ മകന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.