രാഹുൽ ഗാന്ധിയെ രാവണനാക്കി പോസ്റ്റർ പ്രചരണം: കോടതിയെ സമീപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ബി.ജെ.പിക്കെതിരെ കോടതിയിൽ ഹരജി സമർപ്പിച്ച് കോൺഗ്രസ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരെയാണ് ഹരജി. രാജസ്ഥാനിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജാർ ജയ്പൂർ മെട്രോപൊളിറ്റൻ കോടതിയിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

മാനനഷ്ടം, മനപൂർവമുള്ള വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. ഒക്ടോബർ 9ന് ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബി.ജെ.പി പോസ്റ്റർ പങ്കുവെച്ചിരുന്നു. അദ്ദേഹം ദുഷ്ടനാണ്, ധർമത്തിന് എതിരാണ്, രാമനെതിരാണ് ഒപ്പം ഭാരതത്തെ ഇല്ലാതാക്കാനാണ് ഉദ്ദേശമെന്നും ബി.ജെ.പി കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപാർട്ടികളും തമ്മിലുള്ള തർക്കം തുടങ്ങുന്നത്. ബി.ജെ.പി പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ മോദി അദാനിയുടെ കളിപ്പാവയാണെന്ന് ചൂണ്ടിക്കാണിച്ച് മറ്റൊരു പോസ്റ്റർ കോൺഗ്രസും പങ്കുവെച്ചിരുന്നു.

സംഭവം ചർച്ചയായതോടെ ശനിയാഴ്ച കോൺഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തിയിരുന്നു. ജൂണിൽ കോൺഗ്രസ് പങ്കുവെച്ച് പോസ്റ്റർ ചൂണ്ടിക്കാട്ടിയായിരുന്നു നഖ്വിയുടെ ആവശ്യം. പാർട്ടിയെ നിരോധിക്കണമെന്നും മോദിയെ തുഗ്ലകിനോട് താരതമ്യം ചെയ്ത പോസ്റ്റർ അതിന് ഏറ്റവും ഉചിതമായ കാരണമാണെന്നുമാണ് നഖ്വിയുടെ പരാമർശം. പാഠപുസ്തകങ്ങളിൽ മാറ്റം വരുത്താൻ മോദി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തുഗ്ലക് യുഗത്തിന് പകരം നിങ്ങളുടേത് കൊണ്ടുവരൂ എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അന്ന് കോൺഗ്രസ് കുറിച്ചത്.

Tags:    
News Summary - Congress leader moves court against BJP chief over Rahul Gandhi's ‘Ravan’ poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.