അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

ന്യൂഡൽഹി: ഗൗതം അദാനിയും കൂട്ടാളികളും പൊതുഖജനാവിൽനിന്ന് കബളിപ്പിച്ച് ലക്ഷക്കണക്കിന് കോടികൾ തട്ടിയതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാകുർ സുപ്രീംകോടതിയിൽ. അദാനി എന്റർപ്രൈസസിന്റെ തുടർ ഓഹരി വിൽപനയിൽ (എഫ്.പി.ഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൽ.ഐ.സി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) 1800 രൂപ വിപണിവിലയുള്ള ഓഹരി 3200 രൂപക്ക് വാങ്ങിയതിനെ കുറിച്ചും സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ജയ ഠാകുർ ആവശ്യപ്പെട്ടു.

ബാങ്ക് വായ്പ കിട്ടാനായി അദാനി കൃത്രിമമായി ഓഹരിവില ഉയർത്തിക്കാണിച്ചതും അധികൃതർ അദാനിക്കെതിരെ നടപടിയെടുക്കാത്തതും വിദേശ നിക്ഷേപകരിൽ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ഠാകുറിന്റെ ഹരജിയിലുണ്ട്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനിയുടെ ഓഹരികൾക്ക് വിപണിയിലുണ്ടായ തിരിച്ചടിമൂലം നിക്ഷേപകർക്ക് സംരക്ഷണം നൽകാൻ സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പരസ്പര ധാരണയിൽ നീങ്ങുന്നതിനിടയിലാണ് കോൺഗ്രസ് നേതാവിന്റെ ഹരജി. അദാനിയുടെ ഓഹരിവില ഇടിയാൻ കാരണമായ റിപ്പോർട്ട് പുറത്തുവിട്ട അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച രണ്ടു ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്.

Tags:    
News Summary - Congress Leader Moves Supreme Court For Investigation Against Adani Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.