ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി.
പുതിയ കമ്മീഷണർമാരുടെ നിയമനം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് എതിരാണെന്ന് ആരോപിച്ച് മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജയ താക്കൂർ ആണ് ഹരജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടു കമ്മീഷണർമാരുടെ ഒഴിവുകൾ നികത്താൻ പ്രധാനമന്ത്രി യോഗം വിളിച്ച പശ്ചാത്തലത്തിലാണ് ഹരജി. ലോക്‌സഭാ തെരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചതിനാലും വിഷയത്തിൽ അടിയന്തര സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
2023ലെ ഉത്തരവിന് അനുസൃതമായി കമ്മീഷണർമാരെ നിയമിക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് കോൺഗ്രസ് നേതാവ് നിർദ്ദേശം തേടുകയും ചെയ്തു. 2022 നവംബറിലാണ് ഗോയൽ തെരഞ്ഞെടുപ്പു കമ്മീഷണറായി പദവിയേറ്റത്. ഫെബ്രുവരിയിൽ അനൂപ് പാണ്ഡേ വിരമിച്ചിരുന്നു. അതിനു പിന്നാലെയാണ് ദുരുഹ സാഹചര്യത്തിൽ അരുൺ ഗോയൽ രാജി വച്ചത്. ഇതോടെ മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മീഷനിൽ ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ രാജീവ് കുമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.