ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന് പാർലമെന്റിന്റെ ഇരുസഭകളെയും തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അവകാശ ലംഘന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നോട്ടീസ് നൽകി. രാജ്യസഭയുടെ ചട്ടം 187 പ്രകാരമാണ് കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് ചെയർമാൻ ജഗ്ദീപ് ധൻകറിന് നോട്ടീസ് നൽകിയത്.
ജൂലൈ 31ന് രാജ്യസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നൽകിയ മറുപടിയിൽ വയനാട് ഉരുൾപൊട്ടലിന് മുന്നോടിയായി മുന്നറിയിപ്പ് നൽകിയെന്നും കേരള സർക്കാർ അതുപയോഗപ്പെടുത്തിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടതായി ജയറാം രമേശ് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഈ അവകാശവാദത്തിന്റെ വസ്തുത മാധ്യമങ്ങൾ പരിശോധിച്ചുവെന്ന് ചുണ്ടിക്കാട്ടിയ ജയറാം രമേശ് ’ഹിന്ദു പത്രം’ നടത്തിയ അത്തരമൊരു വസ്തുത പരിശോധനയുടെ പകർപ്പ് അവകാശ ലംഘന നോട്ടീസിനൊപ്പം വെച്ചു.
കേരളത്തിന് നേരത്തെ നൽകിയ മുന്നറിയിപ്പുകളെ കുറിച്ച് ഉൗന്നിപ്പറഞ്ഞുള്ള പ്രസ്താവനകളിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആ പ്രസ്താവന തെറ്റായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും ജയറാം രമേശ് വ്യക്തമാക്കി. സഭയെ ഒരു മന്ത്രിയോ എം.പിയോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവകാശലംഘനവും നിന്ദയുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ അമിത് ഷാക്കെതിരെ അവകാശ ലംഘന നടപടിക്ക് തുടക്കമിടണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.