ന്യൂഡൽഹി: അസം പൗരത്വപ്പട്ടികയിൽ നിന്ന് 40 ലക്ഷം പേർ പുറത്തായ വിവാദത്തിൽ രാജ്യസഭ ബുധനാഴ്ചയും സ്തംഭിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും സംസാരിക്കാൻ അനുവദിക്കാതെ തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ് രാജ്യസഭാ നടപടികൾ സ്തംഭിപ്പിച്ചത്.
രാവിലെ രാജ്യസഭ ചേർന്നയുടൻ അസമിൽ ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കാൻ രാജീവ് ഗാന്ധിക്കുശേഷം വന്ന പ്രധാനമന്ത്രിമാരൊന്നും നടപടിയെടുത്തില്ലെന്ന് ചൊവ്വാഴ്ച അമിത് ഷാ നടത്തിയ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ആനന്ദ് ശർമ എഴുേന്നറ്റു. ഇക്കാര്യം പരിേശാധിച്ച് നടപടിയെടുക്കാമെന്നു പറഞ്ഞ് അമിത് ഷായെ തലേന്നാളിലെ പ്രസംഗം പൂർത്തിയാക്കാൻ വെങ്കയ്യ നായിഡു വിളിച്ചുവെങ്കിലും കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ അനുവദിച്ചില്ല. എന്നാൽ, അമിത് ഷായെ മാത്രമേ സംസാരിപ്പിക്കൂ എന്ന നിലപാട് തുടർന്ന വെങ്കയ്യ നായിഡു പ്രതിപക്ഷം അനുവദിക്കില്ലെന്നുപറഞ്ഞ് സഭ നിർത്തിവെച്ചു. പിന്നീട് ചോദ്യോത്തരവേളക്കുശേഷം ഉച്ചക്ക് രണ്ടു മണിക്ക് അമിത് ഷാ സംസാരിക്കാൻ എഴുന്നേറ്റുവെങ്കിലും നടുത്തളത്തിലിറങ്ങിയ തൃണമൂൽ അംഗങ്ങൾ അമിത് ഷായെ മറഞ്ഞുനിന്ന് മുദ്രാവാക്യം വിളിച്ചതോടെ ശബ്ദം കേൾക്കാതായി. രാജ്നാഥ് സിങ് മറുപടി പറയെട്ട എന്നുപറഞ്ഞ് അമിത് ഷാ ഇരുന്നെങ്കിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന് മുദ്രാവാക്യം വിളിച്ച് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ രാജ്നാഥിനെയും തടസ്സെപ്പടുത്തി. അതോടെ സഭ വ്യാഴാഴ്ചത്തേക്ക് പിരിയുകയാണെന്ന് നായിഡു അറിയിച്ചു.
അതിനിടെ, അസമിലെ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ 40ലക്ഷം പേരെയും അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ആവർത്തിച്ച് വിളിക്കുന്നത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ചോദ്യംചെയ്തു. ബംഗ്ലാദേശ് അനധികൃത രാജ്യമല്ലെന്നും ഒാർമിപ്പിച്ചു. പശ്ചിമ ബംഗാളും ബംഗ്ലാദേശും അതിർത്തി മാത്രമല്ല, ഭാഷയും സംസ്കാരവും പങ്കുവെക്കുന്നുണ്ടെന്ന് മമത പറഞ്ഞു. അനധികൃത കുടിയേറ്റം ഒരു പ്രാവശ്യത്തെ ഒറ്റപ്പെട്ട വിഷയല്ല. ബംഗ്ലാദേശ് മാത്രം ഉൾപ്പെടുന്നതുമല്ല. വിഭജനത്തിനുശേഷം നിരവധി പേർ പാകിസ്താനിൽനിന്ന് വന്നു. നേപ്പാളും നമ്മുടെ അയൽപക്കമാണെന്ന കാര്യവും ഒാർമ വേണം. അതിർത്തി സംരക്ഷിക്കേണ്ടത് കേന്ദ്രമാണ്. ബി.െജ.പി ഇതേനിലപാട് തുടരുകയാണെങ്കിൽ രക്തപ്പുഴയൊഴുകുമെന്നും ആഭ്യന്തര യുദ്ധമുണ്ടാകുമെന്നും മമത ആവർത്തിച്ചു. ഇന്നലെ ഇൗ പരാമർശം നടത്തിയതിെൻറ പേരിൽ മമതക്കെതിരെ ഡൽഹി െപാലീസ് കേസെടുത്ത ശേഷമാണ് മമത ബുധനാഴ്ചയും അതാവർത്തിച്ചത്.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ വോട്ടുബാങ്കായി പ്രതിപക്ഷം കാണുകയാണ് എന്ന ആരോപണത്തിനും അമിത് ഷാക്ക് മമത മറുപടി നൽകി. ബി.ജെ.പി വോട്ടർമാരെല്ലാം പൗരത്വപ്പട്ടികയിലുണ്ടെന്നും അല്ലാത്തവരെ പട്ടികയിൽനിന്ന് മായ്ച്ചുകളയുകയാണെന്നും മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.