ബജറ്റിലെ അവഗണന; ദക്ഷിണേന്ത്യ പ്രത്യേക രാജ്യമാക്കണമെന്ന് കോൺഗ്രസ് എം.പി

ബംഗളൂരു: കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എം.പി ഡി.കെ സുരേഷ് കുമാർ. ദക്ഷിണേന്ത്യക്കുള്ള ഫണ്ടുകളുടെ വിഹിതത്തിൽ കേന്ദ്രസർക്കാർ വലിയ കുറവ് വരുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ദക്ഷിണേന്ത്യക്ക് പ്രത്യേക രാജ്യമാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾക്ക് അർഹതപ്പെട്ട പണം ലഭിക്കണം. അത് ജി.എസ്.ടിയാണെങ്കിലും, തീരുവകളാണെങ്കിലും പ്രത്യേക്ഷ നികുതയാണെങ്കിലും ലഭിക്കണം. തങ്ങൾക്ക് അവകാശപ്പെട്ട പണം ഉത്തരേന്ത്യക്ക് നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പരിഹാരമുണ്ടായില്ലെങ്കിൽ വേറെ രാജ്യം വേണമെന്ന ആവശ്യം ഞങ്ങൾ ഉയർത്തും. ഹിന്ദി സംസാരിക്കുന്ന ആളുകൾ അതിന് ഞങ്ങളെ നിർബന്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി എം.പി രംഗത്തെത്തി. ബി.ജെ.പിയും കേന്ദ്രസർക്കാറും ഫണ്ട് വിതരണത്തിൽ കാണിക്കുന്ന അനീതി ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

താൻ അഭിമാനമുള്ള ഇന്ത്യക്കാരനും കന്നഡിഗനുമാണ്. ഫണ്ട് വിതരണത്തിൽ വലിയ അനീതിയാണ് കർണാടക നേരിടുന്നത്. ജി.എസ്.ടിയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം കേന്ദ്രസർക്കാറിന് നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. ​പക്ഷേ ഇതിന് അനുസരിച്ചുള്ള വിഹിതം കർണാടക ലഭിക്കുന്നില്ല. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി വിഹിതത്തിൽ 51 ശതമാനത്തിന്റെ വർധനയുണ്ടാവുമ്പോഴാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞങ്ങളും ഈ മണ്ണിന്റെ മക്കളാണ്. വികസന പ്രവർത്തനങ്ങൾക്ക് ഞങ്ങൾക്കും പണം വേണം. നിരന്തരമായി ആവശ്യപ്പെട്ടിട്ടും അത് നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ല. താൻ ഇന്ത്യക്കാരനെന്നതിലും കോൺഗ്രസുകാരനെന്നതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress MP Sparks Fresh Row Over Budget, Demands Separate Country For South

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.