ന്യൂഡൽഹി: മണിപ്പൂരിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തങ്ങൾക്ക് സംസാരിക്കാൻ മതിയായ സമയം അനുവദിച്ചില്ലെന്ന് കോൺഗ്രസ്. മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങായിരുന്നു കോൺഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയത്. അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന യോഗം വിമർശനങ്ങളിൽനിന്ന് രക്ഷ നേടാനുള്ള നീക്കം മാത്രമായിരുന്നുവെന്ന് ഇബോബി സിങ് കുറ്റപ്പെടുത്തി.
"മണിപ്പൂരിൽ കലാപം ആരംഭിച്ച് 50 ദിവസം പിന്നിട്ട ശേഷമാണ് ആഭ്യന്തര മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട യോഗം ചേരാൻ തീരുമാനിച്ചത്. എ.ഐ.സി.സിയാണ് എന്നെ പ്രതിനിധിയായി തീരുമാനിച്ചത്. ഏതാണ്ട് ഏഴോ എട്ടോ മിനിറ്റ് മാത്രമാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്. അഞ്ച് മിനിറ്റ് അധികം ചോദിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. ഇത് അനീതിയാണ്, ദൗർഭാഗ്യകരമാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് തവണ മണിപ്പൂരിൽ മുഖ്യമന്ത്രിയായിരുന്നു ഇബോബി. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും സർവകക്ഷി യോഗത്തെ വിമർശിച്ച് രംഗത്തെത്തി. മൂന്ന് തവണ സംസ്ഥാനത്തെ മുഖ്യമന്ത്രിയായി പ്രവർത്തിച്ച ഒക്രം ഇബോബി സിങ്ങിന് തന്‍റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കുന്നത് അദ്ദേഹത്തെയോ കോൺഗ്രസിനെയോ മാത്രമല്ല, മണിപ്പൂരിലെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു ജയ്റാം രമേശിന്‍റെ പരാമർശം.
യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗം പ്രധാനമന്ത്രിയുടെ അഭാവത്തിൽ വിളിച്ചുചേർത്തതിനെയും കോൺഗ്രസ് വിമർശിച്ചു. മണിപ്പൂരിലെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
മണിപ്പൂരിൽ സർവകക്ഷി സംഘം സന്ദർശനം നടത്തണമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ വിഷയത്തെ പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നായിരുന്നു സമാജ് വാദി പാർട്ടി ഉൾപ്പെടെ ചില പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് അമിത് ഷാ പറഞ്ഞു. കലാപം ആരംഭിച്ചത് മുതൽ എല്ലാ ദിവസവും വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താറുണ്ടെന്നും അതിനനുസരിച്ചാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും ബി.ജെ.പി സംസ്ഥാന മേധാവി സമ്പിത് പത്ര മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ, ആം ആദ്മി പാർട്ടി, ഇടത് പാർട്ടികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.