ന്യൂഡൽഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് കൂച്ചുവിലങ്ങിടുന്ന വിധം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നതിനെ പിന്തുണക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ടെലിഫോൺ സംഭാഷണത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചു. സംസ്ഥാനത്ത് പ്രധാന എതിരാളി സി.പി.എം ആയതുകൊണ്ട് കണ്ണുപൂട്ടി എതിർക്കുന്നത് കോൺഗ്രസ് നയമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ നടപടി ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള സി.പി.എം കേന്ദ്രനേതൃത്വ തീരുമാനത്തിനുപിന്നാലെയാണ് ഖാർഗെയെ യെച്ചൂരി വിളിച്ചത്.
ഗവർണറെ പിന്തുണക്കുന്നത് കോൺഗ്രസിന്റെ നയമല്ലെന്നും വിഷയാധിഷ്ഠിതമായി കാര്യങ്ങൾ കണ്ട് നിലപാട് സ്വീകരിക്കുമെന്നും ഖാർഗെ അറിയിച്ചു. രാജ്ഭവൻ ദുരുപയോഗംചെയ്ത് സംസ്ഥാന ഭരണത്തിൽ കേന്ദ്രവും ബി.ജെ.പിയും ഇടപെടുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ യോജിച്ചുനീങ്ങണമെന്ന കാഴ്ചപ്പാട് ഇരുവരും പങ്കുവെച്ചു. പല സംസ്ഥാനങ്ങളിലും ഈ വിഷയം നിലനിൽക്കുന്നുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
ഗവർണറുടെ നടപടിയിൽ കേന്ദ്രകമ്മിറ്റി കടുത്ത അമർഷം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ ദേശീയ നേതാക്കളെ സി.പി.എം വരും ദിവസങ്ങളിൽ ബന്ധപ്പെടും. ഭരണഘടനാപരമായി ഇല്ലാത്ത അധികാരം ഗവർണർ പ്രയോഗിക്കുന്ന വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.