ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. 'വിലക്കയറ്റമുക്ത ഭാരതം' എന്ന ബാനറിൽ മാർച്ച് 31 മുതൽ ഏപ്രിൽ ഏഴുവരെ മൂന്നു ഘട്ടങ്ങളായാണ് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ മുഖ്യ വക്താവുമായ രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനതല നേതാക്കളുടെയും യോഗത്തിലാണ് വൻ ജനകീയ പ്രക്ഷോഭത്തിന് തീരുമാനിച്ചത്. മാർച്ച് 31ന് നടക്കുന്ന ആദ്യ ഘട്ട പ്രചാരണത്തിൽ പാർട്ടി പ്രവർത്തകർ പൊതുജനങ്ങൾക്കൊപ്പം ചേർന്ന് വീടിനു പുറത്തും പൊതുസ്ഥലങ്ങളിലും പ്രതിഷേധിക്കും. വിലക്കയറ്റ പ്രശ്‌നം ഉയർത്തിക്കാട്ടാൻ ജനങ്ങൾ എൽ.പി.ജി സിലിണ്ടറുകളെ ഹാരമണിയിക്കുകയും ചെണ്ട കൊട്ടുകയും മണിമുഴക്കുകയും ചെയ്യും. എൻ.ജി.ഒകളുടെയും മത, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഏപ്രിൽ രണ്ടു മുതൽ നാലു വരെ ജില്ലതലത്തിൽ ധർണകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടു ലക്ഷ്യമിട്ട് 137 ദിവസങ്ങളായി ഇന്ധനവില പിടിച്ചുനിർത്തിയ സർക്കാർ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില കുത്തനെ കൂട്ടി ജനങ്ങളെ വഞ്ചിക്കുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ ഇന്ധനവില ലിറ്ററിന് 3.2 രൂപയാണ് കൂടിയത്. ഇന്ധന വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയും ഖജനാവ് നിറക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിയങ്ക ഗാന്ധി, ഉമ്മൻ ചാണ്ടി, മുകുൾ വാസ്നിക്, താരിഖ് അൻവർ, അജയ് മാക്കൻ, പവൻ കുമാർ ബൻസാൽ തുടങ്ങിയവർ പങ്കെടുത്തു. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും മെംബർഷിപ് കാമ്പയിൻ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തതായും രൺദീപ് സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.