ന്യൂഡൽഹി: കോൺഗ്രസിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി പ്രസിഡന്റുസ്ഥാനത്തേക്ക് മത്സര വിസിൽ മുഴക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി വ്യാഴാഴ്ച വിജ്ഞാപനം പുറത്തിറക്കി. ശനിയാഴ്ച മുതൽ ഈ മാസം 30 വരെ സ്ഥാനാർഥികൾക്ക് പത്രിക നൽകാം. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17ന് വോട്ടെടുപ്പ്. അതേസമയം, രാഹുൽ ഗാന്ധി ഒഴിഞ്ഞു മാറുമെന്ന് ഉറപ്പിച്ചതോടെ സ്ഥാനാർഥിത്വത്തിന് കൂടുതൽ നേതാക്കൾ അവകാശവാദം ഉന്നയിച്ചു. നെഹ്റുകുടുംബം നാമനിർദേശം ചെയ്ത അശോക് ഗെഹ് ലോട്ടിന് ഔദ്യോഗിക പക്ഷത്തിന്റെ പൂർണ മാനസിക പിന്തുണയില്ലെന്ന് ഇത് വ്യക്തമാക്കി. തിരുത്തൽപക്ഷ നേതാവായി സ്വയം രംഗത്തിറങ്ങിയ ശശി തരൂരിനെ പിന്തുണക്കുന്ന കാര്യത്തിൽ ജി-23 സംഘത്തിലും ഐക്യമില്ല.
ഒരു കൈയിൽ മുഖ്യമന്ത്രിസ്ഥാനവും മറുകൈയിൽ പ്രസിഡന്റ് പദവിയുമായി മുന്നോട്ടു പോകാനുള്ള അശോക് ഗെഹ് ലോട്ടിന്റെ തീവ്രശ്രമം നടപ്പില്ലെന്ന് ഇതിനിടെ, രാഹുൽ ഗാന്ധി വ്യക്തമായ സൂചന നൽകി. പദവിക്കപ്പുറം, പാർട്ടിയുടെ ആശയങ്ങളാണ് പ്രസിഡന്റ് വഹിക്കേണ്ടതെന്ന രാഹുലിന്റെ വാക്കുകൾ ഗെഹ് ലോട്ടിന്റെ മോഹത്തിന് തിരിച്ചടിയും രാജസ്ഥാനിലെ പ്രതിയോഗി സചിൻ പൈലറ്റിന് പ്രതീക്ഷയുമായി.
രാഹുൽ ഗാന്ധി മത്സരിക്കാത്തപക്ഷം സ്ഥാനാർഥിയാകാനുള്ള താൽപര്യം ദിഗ്വിജയ് സിങ്ങിനു പിന്നാലെ കമൽനാഥും പ്രകടിപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഔദ്യോഗിക പക്ഷ നേതാക്കൾക്കിടയിലെ എതിർപ്പുകൾ കൂടുതൽ മറനീക്കുന്നതായി ഇത്. അതൃപ്തരുടെ അവകാശവാദം പുതിയ പോർമുഖം തുറക്കുമോ എന്ന ആശങ്ക കോൺഗ്രസിൽ വർധിച്ചിട്ടുണ്ട്.
തിരുത്തൽപക്ഷ നേതാക്കളാകട്ടെ, സ്വയം പ്രഖ്യാപിത സ്ഥാനാർഥിയായി ആരുടെ അനുമതിയോടെയാണ് ശശി തരൂർ കളത്തിലിറങ്ങിയതെന്ന് പരസ്പരം ചോദിക്കുന്നു. ജി-23 കത്തെഴുത്തു സംഘത്തിൽ അംഗമായിരുന്ന മനീഷ് തിവാരിയും മത്സരിക്കാനുള്ള കരുനീക്കങ്ങളിലാണ്. ആനന്ദ് ശർമ നിലപാട് വെളിപ്പെടുത്തിയിട്ടില്ല.
നേതൃനിര അവസാന പ്രതീക്ഷ ബാക്കിനിർത്തുന്നുണ്ടെങ്കിലും, രാഹുൽ ഗാന്ധിയെ ഒരുവട്ടം കൂടി നിർബന്ധിക്കാൻ കേരളത്തിൽ എത്തിയ അശോക് ഗെഹ്ലോട്ടിന്റെ ശ്രമം പാഴായ മട്ടാണ്. തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് നെഹ്റു കുടുംബം പുറമെ പറയുന്നത്. എന്നാൽ, തിരുത്തൽവാദിയായി സോണിയ ഗാന്ധിക്ക് കത്തെഴുതിയതല്ലാതെ തരൂർ പാർട്ടിക്കുവേണ്ടി എന്തു ചെയ്തുവെന്ന ചോദ്യം ഉയർത്തി പാർട്ടി വക്താവ് ഗൗരവ് വല്ലഭ് പരസ്യമായിത്തന്നെ ഗെഹ് ലോട്ടിനെ പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.