22 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തുടങ്ങി. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർഥികൾ. പത്തുമണിക്ക് തന്നെ എ.ഐ.സി.സി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആസ്ഥാനങ്ങളിലും വോട്ടു ചെയ്യൽ തുടങ്ങി.
എ.ഐ.സി.സി ആസ്ഥാനത്ത് പി. ചിദംബരമാണ് ആദ്യ വോട്ട് ചെയ്തത്. ജയറാം രമേശാണ് രണ്ടാം വോട്ട് ചെയ്തത്. സോണിയാ ഗാന്ധിയടക്കമുള്ളവർ പതിനൊന്നു മണിയോടെ എത്തും.
തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങിയവർ വോട്ടു ചെയ്യാനെത്തിയിട്ടുണ്ട്. ശശി തരൂർ തിരുവനന്തപുരത്താണ് വോട്ടു ചെയ്യുന്നത്. സ്ഥാനാർഥികളിൽ ആരു ജയിച്ചാലും ദക്ഷിണേന്ത്യയിൽ നിന്നാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റുണ്ടാകുക. സ്ഥാനാർഥികളായ ശശി തരൂർ കേരളത്തിൽ നിന്നും മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുമാണ്.
9308 പ്രതിനിധികൾക്കാണ് വോട്ടുള്ളത്. ഇവരാണ് കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നത്.
രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടു ചെയ്യൽ. രാജ്യത്താകെയായി 65 പോളിങ് ബൂത്തുകളാണുള്ളത്. ഡൽഹിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിലാണ് പോളിങ് ബൂത്തുകൾ. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ ഒരു പ്രത്യേക ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് രാഹുൽഗാന്ധി ഈ ബൂത്തിലാണ് വോട്ടു ചെയ്യുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മല്ലികാർജുൻ കാർഗെ കർണാടകയത്‍ലാണ് വോട്ടു ചെയ്യുക.
ഇന്ന് 4 മണിക്ക് വോട്ടു ചെയ്യാനുള്ള സമയം അവസാനിക്കും. ശേഷം ബാലറ്റുകൾ നിക്ഷേപിച്ച പെട്ടികൾ സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സീൽ ചെയ്യും. പിന്നീട് പെട്ടികൾ വിമാനമാർഗം ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിക്കും. ഇവിടെ ഈ പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് വോട്ടെണ്ണൽ. പെട്ടികൾ തുറന്ന് ബാലറ്റുകൾ കൂട്ടിക്കലർത്തിയ ശേഷമാണ് വോട്ടെണ്ണൽ തുടങ്ങുക. ആകെ വോട്ടിന്റെ പകുതിയിലധികം നേടുന്നവരെ പ്രസിഡന്റായി പ്രഖ്യാപിക്കുന്നതോടെ നടപടികൾ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.